Asianet News MalayalamAsianet News Malayalam

ഗുജറാത്തില്‍ ദളിതര്‍ക്കുനേരെ ആക്രമണം:  പത്തൊമ്പത് പേര്‍ക്ക് പരിക്ക്

attack against dalits in Gujarat
Author
Ahmedabad, First Published Aug 16, 2016, 10:53 AM IST

അഹമ്മദാബാദ്: ഗുജറാത്തില്‍ ദളിത് സമരത്തിനുനേരെയുണ്ടായ ആക്രമണങ്ങളില്‍ മൂന്ന് പൊലീസുകാര്‍ക്കടക്കം 19പേര്‍ക്ക് പരിക്കേറ്റു. സമരത്തില്‍നിന്ന് പിന്മാറിയില്ലെങ്കില്‍ വകവരുത്തുമെന്ന് ദളിത് നേതാക്കള്‍ക്ക് ഭീഷണി സന്ദേശം ലഭിച്ചു. അതിക്രമണങ്ങള്‍ക്ക് ഒരുമാസത്തിനകം കേന്ദ്ര സര്‍ക്കാര്‍ അറുതി വരുത്തിയില്ലെങ്കില്‍ റെയില്‍ തടയല്‍ സമരം നടത്തുമെന്ന് ദളിത് സമര സമിതി പ്രഖ്യാപിച്ചു.

ഗുജറാത്തില്‍ അസ്മിത യാത്രനടത്തി തിരിച്ചെത്തിയ ദളിതര്‍ക്കുനേരെ ഗോസംരക്ഷണസമിതിക്കാര്‍ നടത്തിയ ആക്രമണത്തില്‍ പത്തൊമ്പത് പേര്‍ക്ക് പരിക്കേറ്റു. 26പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംതേര്‍ ഗ്രാമത്തില്‍ അക്രമകാരികള്‍ പിരിഞ്ഞു പോകാതെവന്നപ്പോള്‍ കഴിഞ്ഞദിവസംരാത്രി പൊലീസ് ആകാശത്തേക്ക് വെടിവെച്ചു. സംഘര്‍ഷം ഒഴിവാക്കാന്‍ ദളിതരോട് ഗ്രാമത്തില്‍നിന്ന് മാറിതാമസിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടത് വലിയ പ്രതിഷേധത്തിന് വഴിവെച്ചു. ദളിതര്‍ പൊലീസ് സ്റ്റേഷനില്‍ കുത്തിയിരിപ്പ് നടത്തിയതിനെ തുടര്‍ന്ന് പൊലീസ് സംരക്ഷണത്തിലാണ് ഇവരെ ഗ്രാമങ്ങളിലേക്ക് തിരിച്ചെത്തിച്ചത്. 

സമരത്തില്‍നിന്ന് പിന്മാറിയില്ലെങ്കില്‍ വകവരുത്തുമെന്ന് ദളിത് നേതാക്കള്‍ക്ക് ഭീഷണി സന്ദേശവും ലഭിച്ചു. ഭീഷണിക്കത്തിന്റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി. ഊനയുടെ വിവിധ ഭാഗങ്ങളില്‍ ഇപ്പോഴും സംഘര്‍ഷ സാധ്യത നിലനില്‍ക്കുകയാണ്. ചത്തപശുവിന്റെ തൊലിയുരിച്ചതിന്റെ പേരില്‍ ദളിത് യുവാക്കളെ ക്രൂരമായി മര്‍ദിച്ചതിനെതിരെ തുടങ്ങിയ പ്രതിഷേധമാണ് ഗുജറാത്തില്‍ ദളിത് മുന്നേറ്റമായി വളര്‍ന്നത്. 

ഒരുമാസത്തിനുള്ളില്‍ തങ്ങളുന്നയിച്ച ആവശ്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചില്ലെങ്കില്‍ പ്രത്യക്ഷസമരത്തിനിറങ്ങുമെന്ന്  ദളിത് അത്യാചാര്‍ ലടത് സമിതി വ്യക്തമാക്കി. ഓരോ ദളിത് കുടുംബത്തിനും അഞ്ചേക്കര്‍ ഭൂമി എന്നതടക്കമുള്ള പത്ത് ഇന ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സംസ്ഥാനത്ത് റെയില്‍പാളങ്ങള്‍ തടഞ്ഞ് സമരം ചെയ്യാനാണ് സമിതി തീരുമാനം. ജയിലില്‍ പോകാന്‍ മടിയില്ലെന്നും  ബിജെപി സര്‍ക്കാര്‍ ദളിതരുടെ ക്ഷമപരീക്ഷിക്കരുതെന്നും ദളിത് സമരസമിതി നേതാവ് ജിഗ്‌നേഷ് മേവാനി പറഞ്ഞു. 

Follow Us:
Download App:
  • android
  • ios