തിരുവനന്തപുരം: തിരുവനന്തപുരം വഞ്ചിയൂർ കോടതിയിൽ മാധ്യമപ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ 10 അഭിഭാഷകർക്കെതിരെ കേസ്.ബാർ അസോസിയേഷൻ സെക്രട്ടറി ആനയറ ഷാജി ഉൾപ്പെടെയുള്ളവർക്കെതിരെയാണ് കേസ്. സ്ത്രീകളെ അപമാനിച്ചു എന്നതുൾപ്പെടെയുള്ള വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്.

അതിനിടെ, മാധ്യമപ്രവർത്തകരെ കോടതിമുറിയിൽ കയ്യേറ്റം ചെയ്ത സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി. സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നൽകിയ പരാതിയിൽ കോടതി ജീവനക്കാരുടെ മൊഴി രേഖപ്പെടുത്താൻ വഞ്ചിയൂർ പൊലീസ് അനുമതി തേടി. സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നൽകിയ വിശദമായ പരാതിയിലാണ് പൊലീസ് മേൽനടപടികൾ തുടങ്ങിയത്. കേസ് കമ്മീഷണര്‍ വഞ്ചിയൂര്‍ എസ്ഐക്ക് കൈമാറി. കോടതി ജീവനക്കാരുടെ മൊഴിയെടുക്കുന്നതടക്കം നടപടികള്‍ക്ക് ജഡ്ജിയുടെ അനുമതി പൊലീസ് തേടിയിട്ടുണ്ട്.

മുഖ്യമന്ത്രിയുടേയും ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെയും ഉറപ്പ് ലംഘിച്ച് മാധ്യമ പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്യുകയും കോടതിമുറിയിൽ നിന്ന് അധിക്ഷേപിച്ച് ഇറക്കി വിടുകയും ചെയ്ത സംഭവത്തിൽ ഗവർണര്‍ ജസ്റ്റ്സ് പിസദാശിവത്തിനും പരാതി നൽകിയിട്ടുണ്ട്. ഹൈക്കോടതി ചീഫ് ജസ്റ്റിസിനും മുഖ്യമന്ത്രിക്കും മാധ്യമപ്രവര്‍ത്തകര്‍ പരാതി നൽകി.