കൊല്ലം: കരുനാഗപ്പള്ളിയില്‍ വൃദ്ധയെ മകനും മരുമകളും ചേര്‍ന്ന് മര്‍ദിച്ചതായി പരാതി. മര്‍ദനമേറ്റ കരുനാഗപ്പള്ളി സ്വദേശി 68കാരിയായ സുജാത കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ലെന്നും ആക്ഷേപമുണ്ട്.

കരുനാഗപ്പള്ളി പാവുമ്പ വടക്ക് പുതുമംഗലത്ത് വീട്ടിൽ സുജാതയാണ് മര്‍ദനമേറ്റ് ചികിത്സയില്‍ കഴിയുന്നത്. മകനും ഭാര്യയും ചേര്‍ന്നാണ് മര്‍ദിച്ചതെന്ന് സുജാത പറയുന്നു. വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകണമെന്നാവശ്യപ്പെട്ടായിരുന്നു മര്‍ദനം. തലക്കും പുറത്തും കൈകളിലും മര്‍ദനമേറ്റ പാടുണ്ട്. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ് സുജാത.

ഇവരുടെ ഭര്‍ത്താവ് നേരത്തെ മരിച്ചതാണ്. ഇതിന് മുമ്പു മകനും ഭാര്യയും ചേര്‍ന്ന് മര്‍ദിച്ചിട്ടുണ്ടെന്നും സുജാത പരാതിപ്പെടുന്നു. കരുനാഗപ്പള്ളി പൊലീസില്‍ പരാതി നല്‍കിയിട്ടും നടപടിയൊന്നും സ്വീകരിച്ചിട്ടില്ലെന്നാണ് ഇവരുടെ ആക്ഷേപം. എന്നാല്‍ പരാതിയില്‍ കേസെടുത്തിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണത്തിന് ശേഷമേ കസ്റ്റഡിയിലെടുക്കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കാനാകൂ എന്നുമാണ് കരുനാഗപ്പള്ളി എസ് ഐയുടെ വിശദീകരണം.