കോഴിക്കോട്: പുതിയറ ബിഇഎം യുപി സ്‌കൂളിലെ ഓണാഘോഷം സാമൂഹ്യ വിരുദ്ധര്‍ അലങ്കോലമാക്കി.സദ്യ ഒരുക്കാന്‍ തയ്യാറാക്കിയ അടുക്കളയില്‍ മലമൂത്ര വിസര്‍ജ്ജനംചെയ്ത സാമൂഹ്യവിരുദ്ധര്‍ സ്‌കൂളിലെ കിണര്‍ മണ്ണെണ്ണ ഒഴിച്ച് മലിനമാക്കുകയും ചെയ്തു. സംഭവത്തില്‍ പൊലീസ് കേസ്സെടുത്ത് അന്വേഷണം തുടങ്ങി.
അഞ്ചാം ക്ലാസുകാരി ഐശ്യര്യയും യുകെജിയിലെ സിയോണയും ആറാം ക്‌ളാസിലെ ആകാശുമെല്ലാം പുത്തന്‍ ഉടുപ്പണിഞ്ഞ് സ്‌കൂളിലെത്തിയത് ഓണം ആഘോഷിക്കാനാണ്. എന്നാല്‍ സ്‌കൂളിലെത്തിയപ്പോഴാണ് എല്ലാം അലങ്കോലമായി കിടക്കുന്നത് ഈ കുരുന്നുകള്‍ കണ്ടത്.
സദ്യക്കുള്ള വിഭവങ്ങളില്‍ മണല്‍ വാരിയിട്ടിരുന്നു. പച്ചക്കറികള്‍ ചവിട്ടി അരച്ചു. അടുക്കളയില്‍ മലമൂത്ര വിസര്‍ജ്ജനം നടത്തി. ഓണാഘോഷം സാമൂഹ്യവിരുദ്ധര്‍ അലങ്കോലമാക്കിയതിന്റെ വേദനയിലാണ് കുട്ടികളും അധ്യാപകരും വിവരമറിഞ്ഞെത്തിയ നാട്ടുകാരും.
സംഭവത്തില്‍ കേസ്സെടുത്ത് അന്വേഷിക്കാന്‍ കലക്ടര്‍ നിര്‍ദ്ദേശിച്ചു.മുടങ്ങിയ ഓണ സദ്യ ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്ക് എത്തിച്ചു.വിരലടയാള വിദഗ്ദര്‍ സ്ഥലത്ത് പരിശോധന നടത്തി. കഴിഞ്ഞ ജൂണില്‍ സ്‌കൂള്‍ തുറക്കുന്നതിന് തലേന്നും സ്‌കൂളില്‍ സാമൂഹ്യ വിരുദ്ധര്‍ അതിക്രമിച്ച് കടന്ന് മലമൂത്ര വിസര്‍ജ്ജനം നടത്തിയിരുന്നു.

