തിരുവനന്തപുരം: ക്യാംപസിലെ വഴക്കിന്‍റെ പേരിൽ സഹപാഠിയെ കോളേജ് വിദ്യാർത്ഥികൾ വാഹനത്തിൽ കയറ്റി മർദ്ദിച്ചതായി പരാതി. തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിലെ വിദ്യാർത്ഥികളാണ് ആശങ്കപ്പെടുത്തുന്ന സംഭവം നടന്നത്.

സിനിമയിലെ ക്വട്ടേഷനും തട്ടിക്കൊണ്ടുപോക്കിനും സമാനമായ സംഭവമാണ് കഴിഞ്ഞദിവസം തലസ്ഥാന നഗരിയിൽ നടന്നത്. കോളേജ് ക്യാംപസിലുണ്ടായ വിദ്യാർത്ഥികളുടെ നിസാര വഴക്കും തർക്കവുമാണ് അതിരുകടന്നത്. സംഭവത്തെ ക്കുറിച്ച് പൊലീസ് പറയുന്നതിങ്ങിനെ.

കോളേജ് ക്യാംപസിനകത്ത് അശ്വിനും കേസിലെ ഒന്നാംപ്രതി ശ്രിവിനും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിന്റെ പേരിൽ ക്യാംപസിന് പുറത്തുവച്ച് ശ്രിവിൻ, അശ്വിനെ മർദ്ദിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി അശ്വിൻ പേരൂർക്കട പൊലീസിൽ പരാതിയും നൽകി. ഇതെ തുടർന്ന് അശ്വിനെ ഭയപ്പെടുത്താൻ കൂട്ടുകാരും കോളേജിലെ പൂർവ്വവിദ്യാർത്ഥികളെയും കൂട്ടി ശ്രിവിൻ ആണ് പദ്ധതിയിട്ടത്. മണിക്കൂറുകളോളം ശ്രിവിനും കൂട്ടരും ചേർന്ന് നഗരത്തിൽ ഓടുന്ന വാഹനത്തിലിട്ട് അശ്വിനെ മർദ്ദിച്ചെന്നാണ് പരാതി.