പുതുച്ചേരി: പുതുച്ചേരി സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി മാഗസിന്‍ നിരോധിച്ചതിനെതിരെ സ്റ്റുഡന്റ്സ് കൗണ്‍സില്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിനുനേരെ ഒരു സംഘം ആളുകള്‍ അക്രമം നടത്തി. എ ബി വി പി പ്രവര്‍ത്തകരാണ് അക്രമം നടത്തിയതെന്ന് സ്റ്റുഡന്റ് കൗണ്‍സില്‍ നേതൃത്വം അറിയിച്ചു. അക്രമത്തില്‍ ശ്രീജിത്ത് ഉണ്ണികൃഷ്‌ണന്‍, ഷിന്‍ജിത്ത് ലാല്‍, ശ്രീജിത്ത് എന്നീ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. നിരോധിച്ച മാഗസിന്റെ കോപ്പികള്‍ എബിവിപി പ്രവര്‍ത്തകര്‍ കത്തിച്ചതിനെതിരെയാണ് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്. അക്രമത്തില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ സര്‍വ്വകലാശാലയുടെ പ്രധാന കവാടം ഉപരോധിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

ജൂലൈ 28ന് പ്രകാശനം ചെയ്ത മാഗസിന്‍ വിതരണം ചെയ്യുന്നത് സര്‍വ്വകലാശാല തടഞ്ഞിരുന്നു. പിന്നീട് മാഗസിന്‍ സൂക്ഷിച്ച മുറി പൂട്ടി സീല്‍ വെയ്ക്കുകയും ചെയ്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്രസര്‍ക്കാരിനുമെതിരായ ലേഖനങ്ങള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ‘വൈഡര്‍സ്റ്റാന്റ്’ എന്ന മാഗസിന്‍ നിരോധിച്ചതെന്ന് സര്‍വ്വകലാശാലാ അധികൃതര്‍ പറയുന്നു. മാഗസിന്‍ സൂക്ഷിച്ചിരുന്ന സ്റ്റുഡന്റ്‌സ് കൗണ്‍സില്‍ മുറി പൂട്ടി സീല്‍ ചെയ്യുകയും ചെയ്തതായി മാഗസിന്‍ കമ്മിറ്റി അംഗം പറഞ്ഞു.