കൊൽക്കത്ത: പൊലീസിനെതിരെ അക്രമം നടത്താന്‍ പാർട്ടിപ്രവർത്തകരോട് ആഹ്വാനം ചെയ്ത് ബി ജെ പി നേതാക്കള്‍. പശ്ചിമബംഗാളിലെ ബിര്‍ഭും ജില്ലയിലെ ബി ജെ പി നേതാവായ കലോസോന മോണ്ടലും മഹിളാ മോർച്ച പ്രസിഡന്റ് ലോകത് ചാറ്റര്‍ജിയുമാണ് ആക്രോശവുമായി രംഗത്തെത്തിയത്.  പൊലീസിനെ ആക്രമിക്കാന്‍ അണികളോട് ആഹ്വാനം ചെയ്യുകയായിരുന്നു കലോസോന. സംസ്ഥാനത്ത് തൃണമൂൽ കോൺഗ്രസല്ല മറിച്ച് പൊലീസാണ് തങ്ങളുടെ എതിരാളികളെന്നും നേതാവ് അണികളോട് പറഞ്ഞു.

'ഈ ജില്ലയിലെ പൊലീസിൽ നിന്നും ഒന്നും പ്രതീക്ഷിക്കണ്ട. അവർക്കുനേരെ ആയുധങ്ങൾ കാണിക്കുകയാണെങ്കിൽ മാത്രമേ നിങ്ങൾ പറയുന്നത് അവർ കേൾക്കൂ. തൃണമൂൽ പ്രവർത്തകരെ അക്രമിക്കരുത്. അവരെ നിങ്ങൾ അടിക്കുകയാണെങ്കിൽ കേസുണ്ടാകും. അവരല്ല നമ്മുടെ എതിരാളികൾ പെലീസാണ്. പൊലീസിനെ അക്രമിക്കൂ, ഒന്നും സംഭവിക്കില്ല'-കലോസോന പറയുന്നു.

മഹിളാ മോർച്ച അധ്യക്ഷ ലോകത് ചാറ്റര്‍ജിയും സമാന നിർദ്ദേശമാണ് അണികള്‍ക്ക് നല്‍കിയത്. നിങ്ങൾ ആവശ്യമെങ്കിൽ ആയുധമെടുത്ത് അക്രമത്തിനു തയ്യാറാകൂവെന്നാണ് വനിത പ്രവർത്തകരോട് അവർ ആഹ്വാനം ചെയ്തത്. ഭരണകൂടത്തെ ആശ്രയിക്കുകയാണെങ്കിൽ ഭാവിയിൽ നമുക്ക് ഒന്നും ചെയ്യാൻ സാധിക്കില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.