കൊല്ലം: പോരുവഴി ധര്‍മ്മശാസ്‌താ ക്ഷേത്രത്തിൽ അന്നദാനത്തിനിടെ ഒരു സംഘം മാരകായുധങ്ങളുമായി എത്തി ആക്രമണം നടത്തി. കാറിലെത്തിയ മൂന്നംഗ സംഘമാണ് ആക്രമണം നടത്തിയത്. ഇവര്‍ ക്ഷേത്ര പരിസരത്തുണ്ടായിരുന്ന വിശ്വാസികളായ ചെറുപ്പക്കാരെ വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നുവെന്ന് ദൃസാക്ഷികള്‍ പറയുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് തിങ്കളാഴ്‌ച രാവിലെ ആറ് മുതൽ വൈകിട്ട് ആറു വരെ പോരുവഴി പഞ്ചായത്തിൽ ഹിന്ദു ഐക്യവേദി ഹര്‍ത്താൽ നടത്തും. സംഭവവുമായി ബന്ധപ്പെട്ട് പോരുവഴി സ്വദേശികളായ അൻസിൽ, ഹാഷിം എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. അക്രമികള്‍ എത്തിയ കാറിന്റെ ഉടമ കൊല്ലം അഷ്‌ടമുടി സ്വദേശിയായ യുവാവിനെതിരെയും കേസെടുത്തിട്ടുണ്ട്. ഒളിവിൽ പോയ പ്രതികളെ കണ്ടെത്താൻ ശ്രമം തുടരുകയാണെന്ന് പോലീസ് അറിയിച്ചു. പ്രതികള്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണെന്ന് പൊലീസ് പറയുന്നു.