പരിക്കേറ്റത്ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ നേതൃത്വത്തിലാണ് ആക്രമണം

ആലപ്പുഴ: സിപിഎം ആക്രമണത്തില്‍ പരിക്കേറ്റ പട്ടികജാതി വനിത ഗുരുതരാവസ്ഥയില്‍. എഴുപുന്ന ഗ്രാമപഞ്ചായത്ത് കുമാരപുരം പതിനാറാം വാര്‍ഡില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ഹൈമവതി. പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ് ഫലം വന്നതിന് തൊട്ടുപിന്നാലെയാണ് സിപിഎം ആക്രമണം. അമ്പതോളം സിപിഎം പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം യുവതിയുടെ വീട്ടിലെത്തി ആക്രമിക്കുകയായിരുന്നു.

തെരഞ്ഞെടുപ്പില്‍ വിജയിച്ച സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ആര്‍.ജീവന്‍റെ നേതൃത്വത്തിലുള്ള സംഘം ഹൈമവതിയുടെ വീടിന് മുമ്പിലെത്തി മുദ്രാവാക്യം മുഴക്കുകയും അസഭ്യം പറയുകയുമായിരുന്നു. സംഘത്തിലുണ്ടായിരുന്ന ചിലര്‍ വീട്ടിലേക്ക് പാഞ്ഞുകയറി ഹൈമവതിയെ മര്‍ദിച്ച് വസ്ത്രങ്ങള്‍ വലിച്ചുകീറി. ഹൈമവതിയുടെ അനുജത്തിയുടെ മൂന്നു വയസ്സുള്ള കുട്ടിയേയും ആക്രമിച്ചു. കല്ലുകൊണ്ടുള്ള അടിയേറ്റതിനെ തുടര്‍ന്ന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

യുവതിയെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ച നാട്ടുകാരെ സംഘം വിരട്ടി ഓടിക്കുകയും ചെയ്തു. മദ്യ ലഹരിയിലായിരുന്നു അക്രമി സംഘമെന്ന് നാട്ടുകാര്‍ പറയുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ മര്‍ദിച്ച വിവരം അറിയിച്ചിട്ടും പോലീസ് സ്ഥലത്തെത്തിയില്ലെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. സംഭവുമായി ബന്ധപ്പെട്ട് ഒരാളെ പോലും പോലീസ് പിടികൂടിയിട്ടില്ല. തെരഞ്ഞെടുപ്പിന് മുന്‍പ് കഞ്ചാവ്, മയക്കു മരുന്ന് വിപണന സംഘത്തിനെതിരെ പോലീസില്‍ ഹൈമവതി പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ വിപണന സംഘത്തിലുള്‍പ്പെട്ടവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഈ സംഘത്തെ ജാമ്യത്തിലെടുത്തത് സിപിഎം പ്രാദേശിക നേതൃത്വമാണ്. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ എഴുപുന്ന പഞ്ചായത്തില്‍ ഹര്‍ത്താല്‍ നടത്തി. കേസിലെ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ കേസ് അന്വേഷിക്കണമെന്നും കെ.സി വേണുഗോപാല്‍ എംപി ആവശ്യപ്പെട്ടു.