ദില്ലി: ദില്ലിയിൽ നിയമവിരുദ്ധ മദ്യ വിൽപ്പനയ്ക്കെതിരെ പ്രതികരിച്ച യുവതിയെ നഗ്നയാക്കി മർദ്ദിച്ചുവെന്ന് പരാതി . മദ്യവിൽപ്പനയ്ക്കെതിരെയുള്ള രാത്രികാല പരിശോധനയിൽ പങ്കെടുത്തതിനാണ് മർദ്ദനത്തിനിരയാക്കിയതെന്നാണ് ആരോപണം.

നരേല സ്വദേശിയായ യുവതി ആം ആദ്മി പാർട്ടി പ്രവര്‍ത്തകയാണ് . താമസിക്കുന്ന കോളനിയിൽ രാത്രിയിൽ നിയമവിരുദ്ധമായി മദ്യവിൽപ്പന നടത്തുന്നുണ്ടെന്ന വിവരം യുവതി പൊലീസിൽ അറിയിക്കുകയും രാത്രി ദില്ലി വനിതാകമ്മീഷൻ അധ്യക്ഷയ്ക്കൊപ്പം റെയ്ഡിൽ പങ്കെടുക്കുകയും ചെയ്തു . ഇതിനുള്ള പ്രതികാരമായി പുരുഷൻമാരും സ്ത്രീകളുമടങ്ങുന്ന സംഘം യുവതിയെ ഇരുമ്പു കമ്പിയുപയോഗിച്ച് മർദ്ദിക്കുകയും വിവസ്ത്രയാക്കുകയും ചെയ്തുവെന്നാണ് പരാതി. 

അതിക്രമം വിവരിക്കുന്ന വീഡിയോ യുവതി ദില്ലി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മാലിവാൾ ട്വിറ്ററിൽ പങ്കുവെയ്ചതോടെയാണ് വിവരം പുറംലോകമറിഞ്ഞത്. ദില്ലിയിലെ അനധികൃത മദ്യവിൽപ്പനയ്ക്കെതിരെ പൊലീസ് കണ്ണടയ്ക്കുന്നവെന്ന് വ്യാപകമായി പരാതിയുയരുന്ന സാഹചര്യത്തിലാണ് വനിതാകമ്മീഷന്‍റെ നേതൃത്വത്തിലുള്ള സംഘം രാത്രി റെയ്ഡ് നടത്തിയത് . ആക്രമണം നീചവും ലജ്ജാകരവുമെന്നായിരുന്നു ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്‍റെ പ്രതികരണം. ഇക്കാര്യത്തിൽ അടിയന്തര നടപടിയെടുക്കണമെന്ന് ലഫ്നെന്‍റ് ഗവർണറോട് കേജ്രിവാൾ ആവശ്യപ്പെട്ടു .സംഭവത്തിൽ ദില്ലി പൊലീസ് അന്വേഷണം തുടങ്ങി .