ജിദ്ദയില്‍ രാജകൊട്ടാരത്തില്‍ നടന്ന ഭീകരാക്രമണത്തില്‍ രണ്ടു സുരക്ഷാ സൈനികര്‍ കൊല്ലപ്പെട്ടു. സൗദി പൗരനായ ആക്രമിയെ സംഭവസ്ഥലത്ത് വെച്ച് തന്നെ വെടിവെച്ചു കൊന്നു. ആക്രമണത്തിന് പിന്നാലെ രാജ്യത്തെ അമേരിക്കന്‍ പൗരന്മാരോട് ജാഗ്രത പാലിക്കാന്‍ സൗദി സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
ജിദ്ദയിലെ അല്‍ സലാം കൊട്ടാരത്തിലാണ് ആക്രമണമുണ്ടായത്. ആയുധധാരിയായ അക്രമി കൊട്ടാരത്തിന്‍റെ പടിഞ്ഞാറ് ഭാഗത്തുള്ള ഗേറ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷാ സൈനികര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. രണ്ടു സുരക്ഷാ സൈനികര്‍ സംഭവ സ്ഥലത്ത് വെച്ച് മരിച്ചു. മൂന്നു സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അക്രമിയെ തിരിച്ചറിഞ്ഞിട്ടുണ്ട്.
വെടിയുതിര്‍ത്ത മന്‍സൂര്‍ ബിന്‍ ഹസ്സന്‍ അല്‍ അമീരി എന്ന സൗദി പൌരനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവച്ച് കൊന്നു. ഇയാളില്‍ നിന്ന് മെഷിന്‍ ഗണും മൂന്നു പെട്രോള്‍ ബോംബുകളും കണ്ടെടുത്തു. കൊട്ടാരത്തിന്‍റെ ഗേറ്റിലേക്ക് കാര്‍ ഓടിച്ചാണ് ഇയാള്‍ വന്നത്. ആക്രമവുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം വക്താവ് മന്‍സൂര്‍ അല്‍ തുര്‍ക്കി അറിയിച്ചു.
സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് റഷ്യന്‍ സന്ദര്‍ശനത്തിലാണ്. ഇതിനിടയില്‍ രാജ്യത്തെ അമേരിക്കന്‍ പരന്മാരോട് ജാഗ്രത പാലിക്കാന്‍ സൗദി സര്‍ക്കാര്‍ ആവശ്യപ്പെട്ടു. അമേരിക്കന്‍ പൗരന്മാര്‍ക്ക് നേരെ ആക്രമണമുണ്ടായേക്കാമെന്ന സോഷ്യല്‍ മീഡിയ പ്രാചരണങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി.
