തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭ കൗൺസിൽ യോഗത്തിനിടെയുണ്ടായ ബിജെപി കൗണ്‍സിലര്‍മാരുടെ ആക്രമണം കരുതിക്കൂട്ടിയുള്ളതെന്ന് തിരുവനന്തപുരം മേയര്‍ വി കെ പ്രശാന്ത്. ബിജെപി അംഗങ്ങള്‍ നേതൃത്വം നല്‍കിയ ആക്രമണത്തില്‍ പുറത്തുനിന്നുള്ളവരും പങ്കെടുത്തുവെന്ന് മേയര്‍ ആരോപിക്കുന്നു. വഴി തടഞ്ഞ പ്രതിഷേധക്കാര്‍ പടിക്കെട്ടില്‍ വച്ച് കാലില്‍ പിടിച്ച് വീഴ്ത്തുകയായിരുന്നെന്നും മേയര്‍ പ്രതികരിക്കുന്നു. കൊലപാതകശ്രമമാണ് നടന്നതെന്നും മേയര്‍ ആരോപിക്കുന്നു.
ഈ വീഴ്ചയിലാണു തനിക്ക് ഗുരുതരമായി പരുക്കേറ്റതെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ് മേയര്‍. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ കൗൺസിൽ യോഗത്തിനിടെയാണു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ബിജെപി അംഗം കൊണ്ടുവന്ന പ്രമേയം തള്ളിയതിനേത്തുടർന്നാണ് സംഘർഷമുണ്ടായത്. ഹൈമാസ്റ്റ് വിളക്ക് സ്ഥാപിക്കുന്നതിനെച്ചൊല്ലി ഭരണ– പ്രതിപക്ഷ അംഗങ്ങളുടെ തർക്കത്തിനൊടുവിൽ കൗൺസിൽ യോഗം പിരിച്ചു വിട്ട് മുറിയിലേയ്ക്ക് പോയ മേയറെ പ്രതിഷേധക്കാര്‍ തടയുകയായിരുന്നു.
മേയറുടെ ഷർട്ടിലും മുണ്ടിലും പിടിച്ചുവലിച്ച കൗൺസിലർമാർക്കും സുരക്ഷാ ജീവനക്കാർക്കും ഇടയിലൂടെ മേയർ ഓഫിസിലേക്കു കയറാൻ ശ്രമിച്ചു. ഇതിനിടെ പിടിവലിയിൽ മേയറുടെ ഷർട്ട് കീറുകയും ചെയ്തു. സംഘർഷത്തിനിടെ മേയർ വി.കെ.പ്രശാന്തിന് പരിക്കേല്‍ക്കുകയായിരുന്നു. ഓഫിസിലേക്ക് എത്തിയ മേയർക്കു ദേഹാസ്വാസ്ഥ്യവും തളർച്ചയും അനുഭവപ്പെട്ടതോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
