കേസിൽ സർക്കാരിന് വേണ്ടി ഇനി മണ്ണാർക്കാട് എസ്സി/എസ്ടി കോടതിയിലെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറാവും ഹാജരാവുക.
പാലക്കാട്: അട്ടപ്പാടി മധുവധക്കേസിലെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ച തീരുമാനം സർക്കാർ റദ്ദാക്കി. സ്പെഷ്യൽ പ്രോസിക്യൂട്ടറായിരുന്ന പി. ഗോപിനാഥ് മുന്നോട്ടുവച്ച ആവശ്യങ്ങൾ അംഗീകരിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ ഉത്തരവ്. കേസിൽ സർക്കാരിന് വേണ്ടി ഇനി മണ്ണാർക്കാട് എസ്സി-എസ്ടി കോടതിയിലെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറാവും ഹാജരാവുക. പബ്ലിക് പ്രോസിക്യൂട്ടർക്ക് നൽകുന്ന പ്രതിഫലം പോരെന്ന് ഗോപിനാഥ് ചൂണ്ടിക്കാട്ടിയതാണ് ഒഴിവാക്കാൻ കാരണമെന്ന് ആഭ്യന്തര വകുപ്പ് പറയുന്നു.
മോഷണ കുറ്റം ആരോപിച്ച് കഴിഞ്ഞ ഫെബ്രുവരിയിൽ അട്ടപാടിയിൽ ആൾക്കൂട്ടം ആദിവാസി യുവാവിനെ മർദ്ദിച്ചുകൊന്ന സംഭവം വൻ വിവാദമായതോടെയാണ് സർക്കാരിടപെട്ട് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചത്. പാലക്കാട്ടെ പ്രമുഖ അഭിഭാഷകനായ പി ഗോപിനാഥനെയാണ് പ്രോസിക്യൂട്ടറാക്കിയത്. ചട്ടപ്രകാരം പബ്ലിക് പ്രോസിക്യൂട്ടർക്ക് നൽകുന്ന പ്രതിഫലം പോരെന്ന് ഗോപിനാഥ് ചൂണ്ടിക്കാട്ടിയതാണ് ഒഴിവാക്കാൻ കാരണമായി ആഭ്യന്തര വകുപ്പിന്‍റെ ഉത്തരവിൽ പറയുന്നത്. എന്നാൽ കേസ് നടത്തിപ്പ് സംബന്ധിച്ച് കൂടുതൽ സൗകര്യമൊരുക്കുണമെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആവശ്യപ്പെട്ടിരുന്നു. ഇതിന് അനുകൂലമായ മറുപടി സർക്കാരിൽ നിന്ന് കിട്ടിയിരുന്നില്ലെന്നാണ് വിവരം.
കേസ് നടക്കുന്ന മണ്ണാർക്കാട് കോടതിക്ക് സമീപം പ്രത്യേകം ഓഫീസും ഡിവൈഎസ്പി റാങ്കിലുളള ഒരുദ്യോഗസ്ഥന്‍റെ സഹായവും ഗോപിനാഥ് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇത് അംഗീകരിച്ചില്ല. നിയമനം റദ്ദാക്കിയെന്ന മറുപടിമാത്രമാണ് പിന്നീട് ഗോപിനാഥിന് കിട്ടിയത്. സമ്മതപത്രം ഒപ്പിട്ടുനൽകിയിരുന്നെന്നും ഫീസിന്‍റെ കാര്യം നേരത്തെ വ്യക്തമാക്കിയിരുന്നില്ലെന്നും ഗോപിനാഥ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കേസിന്‍റെ വിചാരണ തുടങ്ങാനിരിക്കെയാണ് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റുന്നത്. മണ്ണാർക്കാട് എസ്സി എസ് ടി കോടതിയിൽ സർക്കാരിനെ പ്രതിനിധീകരിക്കുന്ന ആളാകും ഇനി ഈ കേസിലുമെത്തുക. വിവിധ കേസുകളിൽ ഇപ്പോൾത്തന്നെ ഹാരജാകുന്ന ആളാകുന്നതിനാൽ മധു വധക്കേസിൽ ഇദ്ദേഹത്തിന് വേണ്ടത്ര ശ്രദ്ധ പുലർത്താൻ കഴിയില്ലെന്ന് ആരോപണമുണ്ട്. വൻ തുക പ്രതിഫലം നൽകി സർക്കാർ കേസുകളിൽ വിദഗ്ധ അഭിഭാഷകരെ കൊണ്ടുവരുമ്പോഴാണ് പ്രതിഫലത്തിന്‍റെ പേരിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റുന്നതെന്നും ശ്രദ്ധേയം.
