കനത്ത മഴയില്‍ അട്ടപ്പാടിയില്‍ റോഡുകള്‍ തകര്‍ന്നു പല ഊരുകളിലേക്കുമുള്ള ഗതാഗതം പൂര്‍ണ്ണമായും നിലച്ചു

അട്ടപ്പാടി: കനത്ത മഴയത്ത് റോഡ് തകര്‍ന്നതോടെ ഗതാഗത സൗകര്യം പൂര്‍ണ്ണമായി നിലച്ച ആനവായ് ഊരില്‍ നിന്ന് രോഗിയായ മൂപ്പനെ ആശുപത്രിയിലെത്തിക്കാന്‍ നാട്ടുകാര്‍ നടന്നത് 9 കിലോമീറ്റര്‍. മുളയില്‍ തുണി കെട്ടി മൂപ്പനെ അതില്‍ കിടത്തി, ചുമന്നാണ് ഇത്രയും ദൂരം നാട്ടുകാര്‍ നടന്നത്. ഊരുമൂപ്പന്‍ ചിണ്ടനെ ശ്വാസതടസ്സം നേരിട്ടതോടെയാണ് ആശുപത്രിയിലെത്തിക്കാന്‍ നാട്ടുകാര്‍ തീരുമാനിച്ചത്. 

ദിവസങ്ങള്‍ നീണ്ട കനത്ത മഴയില്‍ ജില്ലയിലെ വിവിധയിടങ്ങളിലെ റോഡുകള്‍ തകര്‍ന്നിരുന്നു. ഇക്കൂട്ടത്തിലാണ് അട്ടപ്പാടിയിലേയും റോഡുകള്‍ തകര്‍ന്നത്. പലയിടങ്ങളിലും ഗതാഗതം പുനഃസ്ഥാപിച്ചെങ്കിലും ഇപ്പോഴും യാത്രാസൗകര്യം വീണ്ടെടുക്കാത്ത ഊരുകള്‍ നിരവധിയാണ്. ഇവിടങ്ങളിലേക്കുള്ള വഴിയിലാകെ മരവും മണ്ണും അടിഞ്ഞുകിടക്കുകയാണ്. 

ആനവായ് ഊരില്‍ നിന്ന് മുക്കാലിയിലേക്കുള്ള വഴിയുടെ അവസ്ഥയും മറിച്ചല്ല. മുക്കാലിയിലെത്തിച്ച ചിണ്ടനെ തുടര്‍ന്ന് കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചിണ്ടന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ചോക്ടര്‍മാര്‍ അറിയിച്ചു. 

ഊരുകളിലേക്കുളള വഴികള്‍ സഞ്ചാരയോഗ്യമാക്കുന്ന കാര്യത്തില്‍ വനം വകുപ്പിന് താല്‍പര്യമില്ലെന്നും അവരുടെ അനാസ്ഥയാണ് ഈ ഗുര്‍ഗതിക്ക് കാരണമെന്നും ഊര് നിവാസികള്‍ പറഞ്ഞു.