ഇസ്താംബുള്‍: തുര്‍ക്കിയില്‍ പട്ടാള അട്ടിമറി ശ്രമം പരാജയപ്പെടുത്തിയെന്നു റിപ്പോര്‍ട്ട്. ഭരണം പിടിച്ചെടുത്തതായി സൈന്യത്തിന്റെ ഒരു വിഭാഗം ഇപ്പോഴും അവകാശപ്പെടുന്നുണ്ടെങ്കിലും ഭരണകൂടം ഇതു നിഷേധിച്ചു.

ജനങ്ങള്‍ പരിഭ്രമിക്കേണ്ടതില്ലെന്നും, അധികാരം ഇപ്പോഴും സര്‍ക്കാറിന്റെ കയ്യില്‍ത്തന്നെയാണെന്നും തുര്‍ക്കി പ്രസിഡന്റ് തയിപ് എര്‍ദോഗന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അട്ടിമറി ശ്രമത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കു വലിയ വില നല്‍കേണ്ടിവരും. ജനങ്ങള്‍ തെരുവിലേക്കിറങ്ങി പട്ടാളത്തെ എതിര്‍ക്കണമെന്നും പ്രസിഡന്റ് ആഹ്വാനം ചെയ്തു.

രാജ്യത്തിന്റെ പല ഭാഗങ്ങളിലും ജനങ്ങളും സൈന്യവുമായി ഏറ്റുമുട്ടല്‍ നടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. ഈ സംഘര്‍ഷങ്ങളില്‍ 194 പേര്‍ മരിച്ചതായും വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

തുര്‍ക്കി പാര്‍ലമെന്റിനു നേര്‍ക്കു ബോംബ് ആക്രമണം നടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ഔദ്യോഗിക ടിവിയുടെ സംപ്രേഷണം നിര്‍ത്തിവച്ചിരിക്കുകയാണ്. രാജ്യത്ത് സോഷ്യല്‍ മീഡിയയുടെ ഉപയോഗത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തി. തുര്‍ക്കിയിലേക്കുള്ള വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, പലതും റദ്ദാക്കി.

ഇന്നലെ അര്‍ധരാത്രിയാണു തലസ്ഥാനമായ അങ്കാറയിലും ഇസ്താംബുളിലും സൈന്യം ഭരണം കൈവശപ്പെടുത്താനുള്ള നീക്കം നടത്തിയത്. അധികാരം പിടിച്ചെടുത്തയായി പുലര്‍ച്ചയോടെ സൈന്യം അവകാശപ്പെട്ടു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സൈന്യം, രാജ്യത്തെ വിമാനത്താവളങ്ങള്‍ അടച്ചു. ഔദ്യോഗിക ടെലിവിഷന്‍ ചാനലിന്റെ നിയന്ത്രണവും സൈന്യം ഏറ്റെടുത്തതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.