ഇറാനിലെ സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾക്കിടെ, മധ്യേഷ്യ ലക്ഷ്യമാക്കി അമേരിക്ക വൻ സൈനിക വിന്യാസം നടത്തുന്നു. മഡൂറോയെ കീഴടക്കിയ 'നൈറ്റ് സ്റ്റാക്കേഴ്‌സ്' പോലുള്ള പ്രത്യേക സേനാവിഭാഗങ്ങളടക്കം ഉണ്ടെന്നാണ് വ്യക്തമാകുന്നത്
വാഷിംഗ്ടൺ: ഇറാനിൽ സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾ ശക്തമാകുന്നതിനിടെ, മധ്യേഷ്യ ലക്ഷ്യമാക്കി അമേരിക്ക വൻതോതിൽ സൈനിക വിന്യാസം നടത്തുന്നതായി റിപ്പോർട്ടുകൾ. യു എസ് വ്യോമസേനയുടെ കരുത്തുറ്റ വിമാനങ്ങളായ സി 5, സി 17 ഗ്ലോബ് മാസ്റ്ററുകൾക്കൊപ്പം ആകാശത്തുവെച്ച് ഇന്ധനം നിറയ്ക്കുന്ന ടാങ്കർ വിമാനങ്ങളും യു കെയിലെ പ്രധാന വ്യോമതാവളങ്ങളിൽ എത്തിയതായാണ് റിപ്പോർട്ട്. വെനസ്വേലയിൽ നിക്കോളാസ് മഡുറോയെ പിടികൂടാൻ നേതൃത്വം നൽകിയ 'നൈറ്റ് സ്റ്റാക്കേഴ്‌സ്' എന്നറിയപ്പെടുന്ന 160 -ാമത് സ്‌പെഷ്യൽ ഓപ്പറേഷൻസ് ഏവിയേഷൻ റെജിമെന്റും ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന സൂചനകൾ അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടുന്നു. യു കെയിൽ എത്തിയ അമേരിക്കൻ സൈനികർക്ക് പ്രത്യേക പരിശീലനം നൽകുന്നതായും റിപ്പോർട്ടുകളുണ്ട്. ഇറാനിലെ നൂറോളം നഗരങ്ങളിൽ സാമ്പത്തിക പ്രതിസന്ധിക്കും വിലക്കയറ്റത്തിനും എതിരെ ജനങ്ങൾ തെരുവിലിറങ്ങിയ പശ്ചാത്തലത്തിലാണ് അമേരിക്കൻ നീക്കമെന്നത് ശ്രദ്ധേയമാണ്.
ബ്രിട്ടനിലെ ആർ എ എഫ് ഫെയർഫോർഡ് ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ ചിനൂക്ക്, ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകളും എ സി-130 ജെ ഗോസ്റ്റ്‌റൈഡർ വിമാനങ്ങളും വിന്യസിച്ചതായി പ്രതിരോധ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. നിലവിൽ റഷ്യൻ ബന്ധമുള്ള എണ്ണക്കപ്പലുകളെ പിടികൂടാനുള്ള നീക്കമാണ് ഇതെന്നും ചില റിപ്പോർട്ടുകൾ ഉണ്ടെങ്കിലും, ഇറാന്റെ വ്യോമാതിർത്തിയിൽ അമേരിക്കൻ നിരീക്ഷണ വിമാനമായ പി 8 പ്രത്യക്ഷപ്പെട്ടത് സ്ഥിതിഗതികൾ അതീവ ഗൗരവതരമാണെന്ന വിലയിരുത്തലുകൾക്ക് കാരണമായിട്ടുണ്ട്. എന്നാൽ ഈ നീക്കങ്ങളെക്കുറിച്ച് ഔദ്യോഗികമായ സ്ഥിരീകരണങ്ങളൊന്നും ഇതുവരെ അമേരിക്ക പുറത്തുവിട്ടിട്ടില്ല. ഇറാനെതിരായ നീക്കത്തിന് അമേരിക്ക ഈ സമയത്ത് നേരിട്ട് ഇറങ്ങുമോ എന്ന കാര്യത്തിലും വ്യക്തത വരുത്തിയിട്ടില്ല.
'ലോക്ക്ഡ് ആൻഡ് ലോഡഡ്' മുന്നറിയിപ്പ്
അതേസമയം ഇറാനിൽ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത് മുതൽ അമേരിക്ക സാഹചര്യം വിലയിരുത്തുന്നുണ്ട്. പ്രതിഷേധക്കാർക്ക് നേരെ ഇറാൻ സുരക്ഷാസേന നടത്തുന്ന അക്രമങ്ങൾ തുടർന്നാൽ അമേരിക്ക രക്ഷയ്ക്കെത്തുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആദ്യംതന്നെ പ്രഖ്യാപിച്ചിരുന്നു. 'ലോക്ക്ഡ് ആൻഡ് ലോഡഡ്' (Locked and Loaded) എന്നായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്. ഈ പരാമർശവും പിന്നാലെ മധ്യേഷ ലക്ഷ്യമിട്ട് നടക്കുന്ന സൈനിക നീക്കവും അഭ്യൂഹങ്ങൾ ബലപ്പെടുത്തിയിട്ടുണ്ട്. ഇറാനിൽ ഒരു ഭരണമാറ്റത്തിനോ അല്ലെങ്കിൽ നേരിട്ടുള്ള സൈനിക ഇടപെടലിനോ അമേരിക്ക ലക്ഷ്യമിടുമോ എന്നത് കണ്ടറിയണം. അതേസമയം അമേരിക്കൻ സൈനിക നീക്കമുണ്ടെന്ന അഭ്യൂഹങ്ങൾക്ക് പിന്നാലെ ഇറാൻ തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനമടക്കം ശക്തമാക്കിയതായും റിപ്പോർട്ടുകളുണ്ട്.


