പുലര്‍ച്ചെ 2:25നും 2:35 നും ഇടയിലാണ് ആലുവ ദേശം കുന്നുപുറത്തുളള എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം നടന്നത്. ഹെല്‍മറ്റും ജാക്കറ്റും കൈയ്യുറയും ധരിച്ച് ബൈക്കിലെത്തിയയാള്‍ സ്ഫോടകവസ്തു സ്ഥാപിച്ചശേഷം പുറത്തേക്കിറങ്ങിപ്പോയി. മൂന്ന് മിനിറ്റിനുളളില്‍ സ്ഫോടനമുണ്ടായി. രണ്ടുപേരാണ് ബൈക്കില്‍ എത്തിയതെന്നും ഒരാളാണ് എടിഎമ്മിനുള്ളില്‍ കടന്നതെന്നും സ്ഥീരീകരിച്ചിട്ടുണ്ട്. രാത്രിയില്‍ റോന്തു ചുറ്റിയിരുന്ന പൊലീസ് സംഘം ഇവിടെയെത്തിയപ്പോഴാണ് എടിഎമ്മില്‍ നിന്ന് പുക ഉയരുന്നത് കണ്ടത്. പൊലീസിനെക്കണ്ട് ബൈക്കിലെത്തിയവര്‍ രക്ഷപ്പെട്ടു.

തോട്ട പോലുളള സ്ഫോടകവസ്തുക്കളാണ് സ്ഫോടനത്തിന് ഉപയോഗിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ തീ കൊളുത്തി കത്തിക്കുകയായിരുന്നു. എടിഎം മെഷീന്‍ തകരുമെന്നും അതുവഴി പണം കൈവശപ്പെടുത്താമെന്നുമായിരുന്നു കണക്കുകൂട്ടല്‍. നാലുമാസം മുമ്പ് തൃശൂര്‍ കൊരട്ടിയിലും നാലുവര്‍ഷം മുമ്പ് ചേര്‍ത്തലയിലും സമാനമായ കവര്‍ച്ചാശ്രമം നടന്നിരുന്നു. പുലര്‍ച്ചെ രണ്ടു മണിമുതല്‍ മുന്നുവരെ ആലുവയിലൂടെ കടന്നുപോയ വാഹനങ്ങളുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്. സംഭവം നടന്ന ദേശത്ത് ഈ സമയത്ത് ഉപയോഗിച്ച ഫോണ്‍കോളുകളും പൊലീസ് പിന്തുടരുന്നുണ്ട്.