ആലപ്പുഴ: ഇന്ന് രാവിലെ രാമങ്കരി പോലീസ് അതിര്‍ത്തിയിലുള്ള മുട്ടാര്‍ പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ ചക്കൂരിക്കല്‍ ഭാഗത്ത് വെച്ചാണ് മാധ്യമ പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമം നടന്നത്. രാവിലെ 6.30 ന് മിത്ര കരിപള്ളിയിലേക്ക് നടന്ന് പോവുകയായിരുന്ന ജയ് ഹിന്ദ് ചാനല്‍ കാമറാമാന്‍ ജോജി മോനാണ് അക്രമത്തിനിരയായത്. നടന്നു പോവുകയായിരുന്ന ജോജിയെ പിറകില്‍ നിന്ന് ബുള്ളറ്റിന് ഇടിപ്പിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ തെറിച്ച് വീണ ജോജിയുടെ തലയ്ക്കും മുഖത്തും ബുള്ളറ്റിലെത്തിയയാള്‍ ആക്രമിച്ചു. തുടര്‍ന്ന് നാട്ടുകാര്‍ ജോജിയെ പുളിങ്കുന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 5 മാസം മുന്‍പ് വീടിനടുത്തെ ബാങ്ക് മാനേജറുടെ പുരയിടത്തില്‍ വഴി തര്‍ക്കമുണ്ടായിരുന്നതായി ജോജി പറഞ്ഞു. തര്‍ക്കഭൂമിയില്‍ നിയമം ലംഘിച്ച് 40 ഓളം പേര്‍ സംഘടിച്ച് മണ്ണിടിക്കുക ഉണ്ടായി. ഈ വിഷയം സംബന്ധിച്ച് പത്രങ്ങളില്‍ വാര്‍ത്ത നല്‍കാന്‍ ജോജി മോന്‍ ബാങ്ക് മാനേജറെ സഹായിച്ചിരുന്നു. ഇതേ തുടര്‍ന്ന് വാര്‍ത്ത കൊടുത്തതിന്റ് പേരില്‍ ജോജി മോനെ നിരവധി തവണ ഭീഷണിപ്പെടുത്തിയിരുന്നു.

ഇത് സംബന്ധിച്ച് ജില്ലാ പോലീസ് മേധാവിക്കടക്കം പരാതി നല്‍കിയിരുന്നു. പോലീസ് സാന്നിദ്ധ്യത്തില്‍ വിഷയം ചര്‍ച്ച ചെയ്ത് പരിഹരിച്ചിരുന്നു. ഇതിനിടെയാണ് കൊലപ്പെടുത്താനുള്ള ശ്രമം നടന്നത്. തര്‍ക്കഭൂമിയില്‍ മണ്ണിടിച്ച നാല്‍പ്പതംഗ സംഘത്തില്‍പ്പെട്ടയാളും ജോജി മോന്റെ അയല്‍വാസിയുമായ അജീഷ് ചിറ്റംതറയും കുടുംബവും ജോജിയെ കാണുമ്പോഴൊക്കെ അസഭ്യം പറയാറുണ്ടായിരുന്നതായി ജോജി പരാതിപ്പെട്ടു. വെല്‍ഡിംഗ് തൊഴിലാളിയായ അജീഷാണ് ബുള്ളറ്റ് ഇടിപ്പിച്ച് തന്നെ ഇന്ന് വധിക്കാന്‍ ശ്രമിച്ചതെന്നും ജോജി മോന്‍ പറഞ്ഞു. അജീഷ് നടത്തിയ അക്രമത്തെക്കുറിച്ചും ഇവരുടെ സംഘത്തെ കുറിച്ചും പോലീസില്‍ പരാതി നല്‍കിയതായും ജോജി പറഞ്ഞു.