കവി കുരീപ്പുഴ ശ്രീകുമാറിനെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച കേസില്‍ പത്ത് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. കൊല്ലം കടയ്ക്കല്‍ കോട്ടുങ്കലില്‍ വെച്ചാണ് ഇന്നലെ രാത്രി കൈയ്യേറ്റശ്രമം ഉണ്ടായത്.
ഒരു വായനശാല സംഘടിപ്പിച്ച ചടങ്ങില്‍ പ്രസംഗിച്ച് മടങ്ങവേയായിരുന്നു സംഭവം. ഒരു സംഘമാളുകള്‍ അസഭ്യം പറയുകയും കാറിന്റെ ഡോര്‍ ബലമായി പിടിച്ചടക്കുകയും ചെയ്‌തെന്ന് കുരീപ്പുഴ പറഞ്ഞു. സംഘാടകരാണ് ശാരീരിക ആക്രമണത്തില്‍ നിന്ന് രക്ഷിച്ചത്.
ആര്‍എസ്എസ് പ്രവര്‍ത്തകരാണ് കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതെന്നും വടയമ്പാടി ദളിത് സമരവുമായി ബന്ധപ്പെട്ട് സംസാരിച്ചതാണ് പ്രകോപനകാരണമെന്നും കുരീപ്പുഴ ശ്രീകുമാര്‍ പറഞ്ഞു. കവി കടയ്ക്കല്‍ പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പത്ത് പേര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്.
