യുഎഇയിലും ആറ്റുകാലമ്മയ്‍ക്ക് ഭക്തർ പൊങ്കാല അർ‍പ്പിച്ചു

യുഎഇയില്‍ ആറ്റുകാലമ്മയ്‍ക്ക് നൂറുകണക്കിന് ഭക്തർ പൊങ്കാല അർ‍പ്പിച്ചു. ആറ്റുകാല്‍ ക്ഷേത്രം മുന്‍ മേല്‍ശാന്തി ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി .

കടല്‍ കടന്ന പൊങ്കാല മഹോത്സവത്തില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. ആറ്റുകാല ക്ഷേത്രത്തിന്റെ മാതൃകയില്‍ താത്കാലിക ക്ഷേത്രം കെട്ടിയുണ്ടാക്കിയാണ് അജ്മാനില്‍ പൊങ്കാല മഹോത്സവം സംഘടിപ്പിച്ചത്. ആറ്റുകാല്‍ ക്ഷേത്രം മുന്‍ മേല്‍ശാന്തി ഗോശാല വിഷ്‍ണു വാസുദേവന്‍ നമ്പൂതിരി ക്ഷേത്രത്തില്‍ നിന്നുള്ള ദീപം പൊങ്കാല അടുപ്പിലേക്ക് പകര്‍ന്നു. തുടര്‍ന്ന് സര്‍വ്വൈശ്വര്യ പൂജയും ദീപാരാധനയും പ്രസാദ വിതരണവും നടന്നു.

മഹാഭഗവതി സേവയോടെയാണ് പൊങ്കാല മഹോത്സവത്തിന് തുടക്കം കുറിച്ചത്. പുലര്‍ച്ചെ അഞ്ചിന് നടതുറന്നപ്പോള്‍തന്നെ നിരവധി ഭക്തര്‍ ചടങ്ങ് നടന്ന അല്‍ ജര്‍ഫിലെ ഹാബിറ്റാറ്റ് സ‍്കൂളിലേക്കെത്തി.

വിവിധ പൂജാകര്‍മകള്‍ക്കുശേഷം കാലത്ത് 7.15 മുതല്‍ 10.20 വരെ സ്‍ത്രീകള്‍ക്ക് മാത്രമായി പൊങ്കാല അരി സമര്‍പ്പണം നടന്നു. തുടര്‍ന്ന് പണ്ടാര അടുപ്പിലേക്ക് തീപകര്‍ന്നു. 11 മണിക്ക് താലപ്പൊലിയും 11.30ന് ലളിതാസഹസ്രനാമ ലക്ഷാര്‍ച്ചനയും നടന്നു. 1.15ന് പൊങ്കാല നിവേദിക്കല്‍ച്ചടങ്ങ്. ഉച്ചതിരിഞ്ഞ് മൂന്നുമണിക്ക് ഗുരുതിയോടെ ചടങ്ങുകള്‍ സമാപിച്ചു. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആറ്റുകാല്‍ അമ്മ പ്രവാസി സേവാ സമിതി ഇത് അഞ്ചാം വര്‍ഷമാണ് പൊങ്കാല സംഘടിപ്പിക്കുന്നത്.