ദോഹ: ദോഹയില്‍ നിന്നും ഓസ്‍ട്രേലിയയിലേക്കുള്ള യാത്രക്കാരുടെ സുരക്ഷാ പരിശോധനകള്‍ ശക്തമാക്കുന്നു. അടുത്ത ആഴ്ച മുതല്‍ ഹമദ് അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നിന്ന് ഓസ്‍ട്രേലിയയിലേക്കുള്ള യാത്രക്കാര്‍ക്കാണ് സാധാരണയുള്ള പരിശോധനകള്‍ക്ക് പുറമെ കൂടുതല്‍ സുരക്ഷാ പരിശോധനകള്‍ ഏര്‍പ്പെടുത്തുന്നത്. യാത്രക്ക് മുമ്പ് യാത്രക്കാരില്‍ സുരക്ഷാ പരിശോധന കര്‍ശനമാക്കണമെന്ന് വെള്ളിയാഴ്ചയാണ് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇതനുസരിച്ചു ഈ മാസം ആറു മുതല്‍ ദോഹയ്‌ക്ക് പുറമെ അബുദാബി, ദുബായ് വിമാനത്താവളങ്ങളില്‍ നിന്ന് ഓസ്‍ട്രേലിയക്കു യാത്ര ചെയ്യുന്നവരും കടുത്ത സുരക്ഷാ പരിശോധനകള്‍ നേരിടേണ്ടി വരും.

അതേസമയം, സുരക്ഷാ ഭീഷണിയൊന്നും നിലവിലില്ലെന്നും ഓസ്‍ട്രേലിയന്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. മധ്യപൂര്‍വമേഖലയില്‍ നിന്ന് അമേരിക്കയിലേക്കുള്ള നോണ്‍ സ്‌റ്റോപ്പ് വിമാനങ്ങളില്‍ ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ക്ക് യു.എസ് സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് സുരക്ഷാ മുന്‍കരുതലെന്നോണം ഓസ്‍ട്രേലിയയും യാത്രക്കാരെ കര്‍ശന സുരക്ഷാ പരിശോധനക്ക് വിധേയരാക്കാന്‍ നിര്‍ദേശിച്ചത്. സ്‌ഫോടന വസ്തുക്കള്‍ തിരിച്ചറിയുന്നതിനുള്ള പരിശോധനയും ഇലക്ട്രോണിക്‌സ് ഉപകരണങ്ങളുടെ പരിശോധനയും യാത്രക്കാരുടെ ബാഗേജുകളില്‍ നടത്താനാണ് നിര്‍ദേശം.

എന്നാല്‍ ഓസ്‍ട്രേലിയയിലേക്കുള്ള യാത്രക്കാര്‍ക്ക് ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. ഖത്തര്‍ എയര്‍വേയ്‌സിന് നിലവില്‍ ദോഹയില്‍ നിന്ന് അഡിലെയ്ഡ്, മെല്‍ബണ്‍, പെര്‍ത്ത്, സിഡ്‌നി എന്നീ നാല് നഗരങ്ങളിലേക്കാണ് സര്‍വീസ് നടത്തുന്നത്. ഇതിനു പുറമെ കാന്‍ബെറയിലേക്ക് സര്‍വീസ് തുടങ്ങാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്.ഓസ്‍ട്രേലിയന്‍ സര്‍ക്കാരിന്റെ നിര്‍ദേശം ഗള്‍ഫ് മേഖലയില്‍ നിന്നും സര്‍വീസ് നടത്തുന്ന ഖത്തര്‍ എയര്‍വേയ്‌സ്, എത്തിഹാദ്, എമിറേറ്റ്‌സ് വിമാനങ്ങള്‍ക്ക് ബാധകമായിരിക്കും.