ദില്ലി: വിവാദങ്ങളും വധഭീഷണിയും ഉണ്ടാക്കിയ ഇടവേളക്ക് ശേഷം തമിഴ് എഴുത്തുകാരൻ പെരുമാൾ മുരുകൻ തന്റെ പുതിയ കവിതാസമാഹാരവുമായി തിരിച്ചെത്തിയിരിക്കുന്നു. ഭീരുക്കളുടെ പാട്ടുകൾ എന്ന് അർത്ഥം വരുന്ന കോഴയിൻ പാടൾകൾ എന്ന കവിതാ സമാഹാരം പെരുമാൾ മുരുകന്റെ സാഹിത്യജീവിതം അവസാനിപ്പിക്കാൻ തുനിഞ്ഞവർക്കുള്ള മറുപടിയാണ്.

പെരുമാള്‍ മുരുകന്‍ എന്ന എഴുത്തുകാരന്‍ മരിച്ചിരിക്കുന്നു. ദൈവമല്ലാത്തതിനാല്‍ അയാള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കില്ല .ഫെയ്സ്ബുക്കിൽ പെരുമാൾ മുരുകൻ തന്നെ കുറിച്ച ഈ വാക്കുകളെ സ്വയം തിരുത്തിയാണ് തിരിച്ച് വരവ്. ഉയിർത്തെഴുന്നേൽപ്പിലും പുനർജൻമത്തിലും എനിക്ക് വിശ്വാസം ഇല്ലായിരുന്നു.എന്നാൽ ഈ തിരിച്ച് വരവോടെ ഞാൻ ഈ രണ്ട് കാര്യത്തിലും ആശയക്കുഴപ്പത്തിലാണ്-പെരുമാള്‍ മുരുകന്‍ പറഞ്ഞു.

രാജ്യമെങ്ങും ഉയർന്ന ശബ്ദങ്ങളാണ് എഴുത്തിൽ തനിക്ക് ഈ പുനർജൻമം നൽകിയത്.തന്റെ പുതിയ കവിതാസമാഹാരം സമർപ്പിച്ച് പെരുമാൾ മുരുകൻ ദില്ലിയിൽ മനസ്സ് തുറന്നു. താൻ ഉയർത്തിയ ചോദ്യങ്ങളിൽ അസഹിഷ്ണുത പ്രകടിപ്പിച്ചവർ എതിർപ്പുകൾ തുടരട്ടെ, ഒരു ഭീരുവായി മുന്നോട്ടില്ല. അക്ഷരങ്ങൾ അറിഞ്ഞ് തുടങ്ങിയ നാൾ മുതൽ കുത്തിക്കുറിച്ച് തുടങ്ങിയത് കവിതകളാണ്.

നോവലിസ്റ്റും ചെറുകഥാകൃത്തുമായി സജീവമായപ്പോഴും താൻ അടിസ്ഥാനപരമായ കവി ആയിരുന്നു .അതുകൊണ്ടാണ് തന്‍റെ കവിതകളിലൂടെ ഈ തിരിച്ച് വരവ്.ജാതിയെ പ്രതിപാദിക്കാതെ ഒരു സാഹിത്യ സൃഷ്ടി സാദ്ധ്യമല്ല. കഴിഞ്ഞ 16മാസം പെരുമാൾ മരുകൻ എഴുതിയ 200 കവിതകളാണ് കോഴയിൻ പാടൾകൾ എന്ന കവിതസമാഹാരത്തിലുള്ളത്. തനിക്ക പറയാനുള്ളതെല്ലാം ഈ കവിതകളിലെ വരികള്‍ വ്യക്തമാക്കുക തന്നെ ചെയ്യുമെന്നും പെരുമാള്‍ മുരുകന്‍ പറയുന്നു.