ഓട്ടോയ്ക്ക് പുറത്ത് സിയാദിനെ ചോരവാർന്നനിലയിൽ കണ്ട ഇവർ സമീപത്തെ കൺട്രോൾ റൂം പോലീസ് ഔട്ട് പോസ്റ്റിൽ അറിയിച്ചതോടെയാണ് പോലീസ് സംഭവസ്ഥലത്ത് എത്തിയത്
കൊല്ലം : അർദ്ധരാത്രിയില്‍ ഓട്ടോ ഡ്രൈവറെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ അഞ്ചുപേര്‍ പോലീസ് പിടിയില്‍. ഞായറാഴ്ച അർദ്ധരാത്രിയാണ് കൊല്ലം ചിന്നക്കടയിൽവെച്ച് ചന്ദനയഴികത്ത് പുരയിടത്തിൽ സിയാദിനെ ഒരു സംഘം വെട്ടികൊലപ്പെടുത്തിയത്.
സിയാദ് ഓട്ടംകഴിഞ്ഞ് മടങ്ങവെ രാത്രി പന്ത്രണ്ടോടെയാണ് കൊലപാതകം നടന്നത്. ചിന്നക്കട ഉഷ തീയറ്ററിന് അടുത്തുവച്ചാണ് ആദ്യം സിയാദിനെതിരെ ആക്രമണം നടന്നത്, ഇവിടെ നിന്നും വെട്ടുകൊണ്ട ഇയാളെ പിന്‍തുടര്‍ന്ന് വെട്ടി മരണം ഉറപ്പ് വരുത്തിയാണ് കൊലയാളി സംഘം പിന്‍മാറിയത് എന്നാണ് പോലീസ് പറയുന്നത്.
സമീപത്തെ ക്ഷേത്രത്തിനടുത്തുള്ള പൂക്കടയിലുണ്ടായിരുന്ന രണ്ട് യുവാക്കൾ, ഓട്ടോറിക്ഷ മറിയുന്നതുകണ്ടു. ഓട്ടോയ്ക്ക് പുറത്ത് സിയാദിനെ ചോരവാർന്നനിലയിൽ കണ്ട ഇവർ സമീപത്തെ കൺട്രോൾ റൂം പോലീസ് ഔട്ട് പോസ്റ്റിൽ അറിയിച്ചതോടെയാണ് പോലീസ് സംഭവസ്ഥലത്ത് എത്തിയത്. പോലീസെത്തി സിയാദിനെ ജില്ലാ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. മറിഞ്ഞ ഓട്ടോയ്ക്ക് സമീപത്തുനിന്ന് ഹോക്കി സ്റ്റിക്കും മൊബൈലും പേഴ്‌സും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
ഹോക്കി സ്റ്റിക്കുകൊണ്ടുള്ള അടിയേറ്റ് സിയാദിന്‍റെ വാരിയെല്ലുകളും തകർന്നതായി പോലീസ് വ്യക്തമാക്കി. പോലീസ് സംഭവത്തില്‍ പറയുന്നത് ഇങ്ങനെ, സിയാദിന് പള്ളിത്തോട്ടം സ്വദേശിയായ പ്രവാസിയുടെ ഭാര്യയുമായി അടുപ്പമുണ്ടായിരുന്നു. പ്രശ്നങ്ങളെ തുടർന്ന് സ്ത്രീയും ഭർത്താവും ഇരവിപുരത്തേക്ക് താമസംമാറി. ഇതിനിടെ സിയാദിനൊപ്പം സ്ത്രീ രണ്ടാഴ്ചയോളം താമസിച്ചു. ഭർത്താവും ബന്ധുക്കളും ചേർന്ന് സ്ത്രീയെ തിരികെക്കൊണ്ടുവന്ന് കൗൺസലിങ്ങിന് വിധേയമാക്കി.
എന്നിട്ടും അടുപ്പം പുലർത്തിയതിനെ തുടർന്ന് ബന്ധുക്കളും ഇവർ ഏർപ്പാടാക്കിയ ക്വട്ടേഷൻ സംഘവും ചേർന്ന് സിയാദിനെ കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ നിഗമനം. സ്ത്രീയുടെ മാതൃസഹോദരൻ ഉൾപ്പെടെ പത്തുപേരുടെപേരിൽ പോലീസ് കേസെടുത്തിട്ടുണ്ട്. നഗരത്തിലെ ഐ.എൻ.ടി.യു.സി. ഓട്ടോ ഡ്രൈവേഴ്‌സ് യൂണിയനിൽ അംഗമായിരുന്നു സിയാദ്.
ബീച്ച് റോഡിൽനിന്ന് ചിന്നക്കടഭാഗത്തേക്ക് വരികയായിരുന്ന സിയാദിന്റെ ഓട്ടോയെ ആഡംബര ബൈക്കിൽ എത്തിയ രണ്ടുപേർ പിന്തുടരുന്ന ദൃശ്യങ്ങൾ നഗരത്തിലെ സുരക്ഷാ ക്യാമറകളിൽനിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഈ ബൈക്ക് തന്നെയാണ് മഹാറാണി മാർക്കറ്റിൽ സിയാദിന്റെ ഓട്ടോയ്ക്ക് സമീപത്തുനിന്ന് പോയതെന്നും പോലീസ് കണ്ടെത്തി. തുടർന്നാണ് പ്രതികളെന്ന് സംശയിക്കുന്നവരെ കസ്റ്റഡിയിലെടുത്തത്.
