ദില്ലി:     മന്ത്രിമാര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ  കര്‍ശന നിര്‍ദേശം. ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് പഞ്ചനക്ഷത്ര ഹോട്ടലുകള്‍ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ടാണ് മന്ത്രിമാര്‍ക്ക് പ്രധാനമന്ത്രി താക്കീത് ചെയ്തത്.  ഔദ്യോഗികാവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ താമസ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമ്പോഴും പഞ്ചനക്ഷത്ര ഹോട്ടലുകള്‍ തിരഞ്ഞെടുക്കുന്നത്  ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ്  ഹോട്ടലുകള്‍ ഒഴിവാക്കാന്‍ മോദി ആവശ്യപ്പെട്ടതായി ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോര്‍ട്ട് ചെയ്തത്. 

 ഓരോ മന്ത്രിയുടെയും വകുപ്പിന് കീഴില്‍ ഏതെങ്കിലും വിധത്തില്‍ സൗജന്യ സേവനം  കൈപ്പറ്റുന്നത് ഒഴിവാക്കാനും മോദി ആവശ്യപ്പെട്ടിട്ടുണ്ട്.  
പൊതുമേഖല സ്ഥാപനത്തിന്റെ വാഹനങ്ങള്‍  മന്ത്രിമാരോ അവരുടെ ബന്ധുക്കളോ സുഹൃത്തുക്കളോ  സ്വകാര്യ ആവശ്യങ്ങള്‍ക്കായി  ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പു വരുത്തണം. ഇത്തരം സംഭവങ്ങള്‍ ഉണ്ടായാല്‍ കര്‍ശന നടപടിയുണ്ടാകുനെന്നും പ്രധാനമന്ത്രി പറഞ്ഞു. 

 ബുധനാഴ്ച്ച കേന്ദ്രമന്ത്രിസഭാ യോഗത്തിന് ശേഷമാണ്  മോദിയുടെ നിര്‍ദേശം. 2019 തില്‍ തിരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍  അഴിമതി മുക്തമവും ജനങ്ങളോട് അടുത്തു നില്‍ക്കുന്ന സര്‍ക്കാരാണ് ആവശ്യം.   അതിനാലാണ് ഇത്തരം നിര്‍ദേശം നല്‍കിയതെന്നാണ് കരുതുന്നത്.