ന്യൂഡൽഹി: മധ്യപ്രദേശിൽ കര്‍ഷകരുടെ പ്രതിഷേധം കൊടുമ്പിരി കൊള്ളു​മ്പോൾ യോഗ പരിശീലനത്തിനു പോയ കേന്ദ്ര കാർഷിക മന്ത്രി രാധാ മോഹൻ സിങ്ങിന്‍റെ നടപടി വിവാദമാകുന്നു.​ യോഗാ ഗുരു ബാബാ രാംദേവിന്‍റെ നേതൃത്വത്തിൽ ബിഹാറിലെ മോത്തിഹാരിയില്‍ നടക്കുന്ന ത്രിദിന യോഗാ പരിശീലന ക്യാമ്പിലാണ് മന്ത്രി രാധാ മോഹൻ പ​ങ്കെടുക്കുന്നത്​.

മധ്യപ്രദേശിൽ ചൊവ്വാഴ്​ച പ്രക്ഷോഭക്കാ​ർക്കെതിരെയുണ്ടായ പൊലീസ്​ വെടിവെപ്പിൽ അഞ്ചു കർഷകർ കൊല്ലപ്പെട്ടിരുന്നു. കാര്‍ഷിക ഉല്പ്പന്നങ്ങള്‍ക്ക് ന്യായ വില ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സമരം നടത്തിയ കര്‍ഷകര്‍ക്ക് നേരെയാണ് വെടിവെപ്പുണ്ടായത്.

തുടര്‍ന്ന് രൂക്ഷമായ പ്രതിഷേധങ്ങളാണ് മധ്യപ്രദേശില്‍ നടക്കുന്നത്. മധ്യപ്രദേശില്‍ നിന്നും രാജസ്ഥാനിലേക്കുള്ള മിക്ക ട്രെയിനുകളും റദ്ദാക്കുകയോ വഴി തിരിച്ചുവിടുകയോ ചെയ്തു. കര്‍ഷകസമരത്തിന്‍റെ പ്രധാന കേന്ദ്രമായ മാന്‍സോറില്‍ കേന്ദ്രസേനയെ വിന്യസിച്ചിരിക്കുകയാണ്. കര്‍ഷകരെ ആശ്വസിപ്പിക്കാന്‍ പുതിയ പദ്ധതികളുമായി സര്‍ക്കാര്‍ രംഗത്ത് വന്നിട്ടുണ്ടെങ്കിലും വേണ്ടത്ര ഫലം ഉണ്ടായിട്ടില്ല.വായ്പാകുടിശഖയുള്ളവര്ക്ക പ്രത്യേക തിരിച്ചടവ് പദ്ധതി,വിളകള്‍ക്ക് ന്യായവില നിശ്ചയിക്കാന്‍ കമീഷന്‍ രൂപീകരണം, ആയിരംകോടിരൂപയുടെ വിലസ്ഥിരതാ ഫണ്ട് തുടങ്ങിയവയാണ് സര്‍ക്കാരിന്‍റെ പ്രധാന പ്രഖ്യാപനങ്ങള്‍.

കേന്ദ്രസർക്കാർ കാർഷിക സമരത്തെ ഗൗനിക്കുന്നില്ലെന്നും അതൊരു ഗൗരവതമായ വിഷയമായി പ്രധാനമന്ത്രിയോ മറ്റ്​ മന്ത്രിസഭാംഗങ്ങളോ പരിഗണിക്കുന്നില്ലെന്നും മധ്യപ്രദേശ്​ മുൻ മുഖ്യമന്ത്രി പൃഥിരാജ്​ ചൗഹാൻ ആരോപിച്ചു. കേന്ദ്ര കാർഷിക മന്ത്രി മസ്​ദോറിൽ എത്തുകയോ പ്രശ്​നപരിഹാരത്തിന്​ ശ്രമിക്കുകയോ ചെയ്​തിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.