അയോദ്ധ്യ കേസ് സുപ്രീം കോടതിയില്‍ വാദം കേള്‍ക്കുന്നത് മാറ്റി

ദില്ലി: അയോദ്ധ്യ കേസിൽ വാദം കേൾക്കുന്നത് സുപ്രീംകോടതി മെയ് 15ലേക്ക് മാറ്റിവെച്ചു. അയോദ്ധ്യ കേസ് ഒരു ഭൂമി തര്‍ക്ക കേസ് എന്ന നിലയിൽ മാത്രം പരിഗണിച്ചാൽ മതിയെന്ന് ഹര്‍ജിക്കാരന്‍ രാംലല്ല ആവശ്യപ്പെട്ടു. അയോദ്ധ്യ കേസിലെ വിധിക്കായി രാജ്യത്തെ ഭൂരിഭാഗം ജനങ്ങളും കാത്തിരിക്കുകയാണെന്ന ഹര്‍ജിക്കാരിൽ ചിലരുടെ വാദത്തെ എതിര്‍ത്ത് നേരത്തെ കോടതിയും സമാനമായ പരാമര്‍ശം നടത്തിയിരുന്നു. 

ഒരു ദേശീയ വിഷയമായി പരിഗണിക്കേണ്ട സാഹചര്യം അയോദ്ധ്യ കേസിന് ഇല്ലെന്ന് രാംലല്ലക്ക് വേണ്ടി ഹാജരായ ഹരീഷ് സാൽവെ വാദിച്ചു. കേസിലെ പരിഭാഷപ്പെടുത്തിയ രേഖകൾ ഹര്‍ജിക്കാര്‍ കോടതിയിൽ സമര്‍പ്പിച്ചിരുന്നു.