Asianet News MalayalamAsianet News Malayalam

അയോധ്യ കേസ് ഇനി ജനുവരി 29-ന്; ജസ്റ്റിസ് യു യു ലളിത് പിന്മാറി, ഭരണഘടനാബഞ്ച് പുനഃസംഘടിപ്പിക്കും

അയോധ്യ കേസിൽ ഭരണഘടനാ ബഞ്ച് പുനഃസംഘടിപ്പിക്കും. ഇപ്പോൾ ബഞ്ചിൽ അംഗമായ ജസ്റ്റിസ് യു യു ലളിത് കേസ് കേൾക്കുന്നതിനെതിരെ സുന്നി വഖഫ് ബോർഡ് നിലപാടെടുത്തു.

ayodhya case in supreme court justice u u lalit recuses from constitution bench
Author
Supreme Court of India, First Published Jan 10, 2019, 11:04 AM IST

ദില്ലി: അയോധ്യ കേസ് പരിഗണിക്കുന്ന ഭരണഘടനാബഞ്ച് പുനഃസംഘടിപ്പിക്കും. ബഞ്ചിൽ അംഗമായ ജസ്റ്റിസ് യു യു ലളിത് പിന്മാറാൻ സന്നദ്ധത അറിയിച്ചതോടെയാണ് ബഞ്ച് പുനഃസംഘടിപ്പിക്കാൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് തീരുമാനിച്ചത്. മുമ്പ് ബാബ്‍റി മസ്ജിദ് കേസുമായി ബന്ധപ്പെട്ട ഒരു കേസിൽ മുൻ യു പി മുഖ്യമന്ത്രി കല്യാൺ സിംഗിന് വേണ്ടി അഭിഭാഷകനായിരിക്കെ യു യു ലളിത് ഹാജരായിട്ടുണ്ടെന്ന് കാണിച്ച് സുന്നി വഖഫ് ബോർഡ് നിലപാടെടുത്തതോടെയാണ് അദ്ദേഹം പിന്മാറാൻ സന്നദ്ധത അറിയിച്ചത്. കേസ് ഇനി ഈ മാസം 29-ന് പരിഗണിക്കും.

രാവിലെ പത്തരയോടെയാണ് അഞ്ചംഗഭരണഘടനാബഞ്ച് അയോധ്യ കേസ് പരിഗണിച്ചത്. ഇന്ന് തന്നെ വിശദമായ വാദം തുടങ്ങാൻ തയ്യാറാണെന്ന് സുന്നി വഖഫ് ബോർഡിന്‍റെ അഭിഭാഷകൻ അറിയിച്ചു. എന്നാൽ ഇന്ന് വാദം കേൾക്കുന്നില്ലെന്ന് നേരത്തേ വ്യക്തമാക്കിയതാണെന്നും വാദം കേൾക്കൽ തുടങ്ങുന്നതിന്‍റെ തീയതി തീരുമാനിക്കുക മാത്രമേ ചെയ്യൂ എന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

ഇതേത്തുടർന്നാണ് ജസ്റ്റിസ് യു യു ലളിത് മുമ്പ് യു പി മുഖ്യമന്ത്രിയായിരുന്ന കല്യാൺ സിംഗിന് വേണ്ടി ബാബ്‍റി മസ്ജിദ് പൊളിച്ചതുമായി ബന്ധപ്പെട്ട ഒരു കേസിൽ ഹാജരായിട്ടുണ്ടെന്ന് ചൂണ്ടിക്കാണിച്ചത്. ഇതോടെ ബഞ്ചിൽ നിന്ന് പിന്മാറാൻ യു യു ലളിത് സന്നദ്ധത അറിയിച്ചു. അയോധ്യ കേസിന്‍റെ മെറിറ്റുമായി ബന്ധപ്പെട്ട കേസല്ലെങ്കിലും അതുമായി ബന്ധപ്പെട്ട ഒരു കേസിൽ ഒരു പക്ഷം പിടിച്ച് വാദിച്ചതിനാൽ ബഞ്ചിൽ തുടരുന്നില്ലെന്ന് യു യു ലളിത് അറിയിച്ചതായി ചീഫ് ജസ്റ്റിസ് പറഞ്ഞു. 

തനിക്ക് പുറമേ ഇനി ചീഫ് ജസ്റ്റിസുമാരാകാൻ സാധ്യതയുള്ള നാല് ജഡ്ജിമാരെക്കൂടി ചേർത്താണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് ഭരണഘടനാബഞ്ച് രൂപീകരിച്ചത്. യു യു ലളിത് പിന്മാറിയ സാഹചര്യത്തിൽ ഇനി ചീഫ് ജസ്റ്റിസാകാൻ സാധ്യതയുള്ള ഒരു ജഡ്ജിയെക്കൂടി ചേർത്ത് ബഞ്ച് പുനഃസംഘടിപ്പിക്കും. 

Follow Us:
Download App:
  • android
  • ios