അയോധ്യ കേസ് അഞ്ചംഗ ഭരണഘടന ബെഞ്ച് ഈ മാസം 10ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ‌് രഞ്ജന്‍ ഗൊഗോയി അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക.

ദില്ലി: അയോധ്യ ഭൂമിതര്‍ക്ക കേസ് പരിഗണിക്കാൻ അഞ്ചംഗ ഭരണഘടനാ ബെഞ്ച് രൂപീകരിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അദ്ധ്യക്ഷനായ ഭരണഘടന ബെഞ്ച് ഈമാസം 10ന് കേസ് പരിഗണിക്കും. അയോദ്ധ്യ കേസ് ഭരണഘടന ബെഞ്ചിലേക്ക് വിടേണ്ടെന്നായിരുന്നു മുൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര തീരുമാനിച്ചത്.

അയോധ്യയിലെ തര്‍ക്കഭൂമി മൂന്നായി വിഭജിക്കാനുള്ള അലഹാബാദ് ഹൈക്കോടതി വിധിക്കെതിരെ വന്ന 16 ഹര്‍ജികളാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ച് പരിഗണിക്കുക. ശബരിമല കേസിലെ ഭരണഘടനാ ബെഞ്ചിൽ ഉണ്ടായിരുന്ന ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനെയും ബെഞ്ചിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

ജസ്റ്റിസുമാരായ എസ് എ ബോബ്ഡേ, എൻ വി രമണ, യു യു ലളിത് എന്നിവരാണ് മറ്റ് അംഗങ്ങൾ. ജനുവരി 10 ന് രാവിലെ പത്തര മണിക്കുതന്നെ കേസ് പരിഗണിക്കുമെന്നും ചീഫ് ജസ്റ്റിസ് ഇറക്കിയ ഉത്തരവിൽ പറയുന്നു. അയോധ്യ കേസ് ഭരണഘടന ബെഞ്ചിലേക്ക് വിടണമെന്ന് നേരത്തെ സുന്നി വക്കഫ് ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു. 

എന്നാൽ അയോധ്യ കേസ് ഭൂമിതര്‍ക്ക കേസ് മാത്രമാണെന്നും അതിന് ഭരണഘടനാ ബെഞ്ച് വേണ്ടെന്നുമായിരുന്നു മുൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര എടുത്ത തീരുമാനം. പുതിയ ചീഫ് ജസ്റ്റിസ് ഭരണഘടനാ ബെഞ്ച് രൂപീകരിച്ചതോടെ ഒരു ഭൂമി തര്‍ക്ക കേസ് എന്നതിനപ്പുറത്തുള്ള മാനങ്ങൾ കൂടി അയോദ്ധ്യ കേസിന് ഉണ്ടാവുകയാണ്. കോടതി തീരുമാനത്തിന് കാത്തുനിൽക്കാതെ ക്ഷേത്ര നിര്‍മ്മാണത്തിന് ഓര്‍ഡിനൻസ് ഇറക്കണമെന്നാണ് ആര്‍എസ്എസും വിഎച്ച്പിയും ആവശ്യപ്പെടുന്നത്. കേസ് വേഗത്തിൽ തീര്‍പ്പാക്കണമെന്ന് വ്യാഴാഴ്ച കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടേക്കും.