ശബരിമലയെ ഒരു കലാപഭൂമിയാക്കി മാറ്റി അതിന്‍റെ പവിത്രത നശിപ്പിക്കാനുള്ള നീക്കം ആരു നടത്തിയാലും അതിനെ അംഗീകരിക്കില്ല. അത് തെറ്റാണ്.
ദില്ലി: ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച് നിലവില്‍ നടക്കുന്ന പ്രതിഷേധസമരങ്ങളോട് യോജിപ്പില്ലെന്ന് അയ്യപ്പസേവാസമിതിസംഘം വൈസ് പ്രസിഡന്‍റ് ഡി.വിജയകുമാര്‍.
ശബരിമലയെ ഒരു കലാപഭൂമിയാക്കി മാറ്റി അതിന്‍റെ പവിത്രത നശിപ്പിക്കാനുള്ള നീക്കം ആരു നടത്തിയാലും അതിനെ അംഗീകരിക്കില്ല. അത് തെറ്റാണ്. കേരളത്തിന്‍റെ മതസൗഹാര്‍ദ്ദത്തിന്‍റെ മുഖമാണ് ശബരിമല അവിടം ഒരു സമരമുഖമാക്കി മാറ്റരുത്. സുപ്രീംകോടതി വിധിയുടെ പൂര്‍ണ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനല്ലെന്നും ഡി.വിജയകുമാര്‍ പറഞ്ഞു.
സുപ്രീംകോടതി വിധിക്കെതിരെ റിവ്യൂ ഹര്‍ജി നല്‍കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി ദില്ലിയിലെത്തിയ ഡി.വിജയകുമാര്‍ ഏഷ്യാനെറ്റ് ന്യൂസിന്‍റെ ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
അതേസമയം സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് നിയമവിരുദ്ധമെന്ന് വിലയിരുത്തി സാധ്യമാക്കിയ വനിതാ പ്രവേശനം ഒരുരീതിയിലും തടയാന്‍ സാധിക്കില്ലെന്ന് ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത ജോസഫ് സി മാത്യ ചൂണ്ടിക്കാട്ടി.
സുപ്രീംകോടതി ഭരണഘടനാവിരുദ്ധമെന്ന് പറഞ്ഞ ഒരു കാര്യം പുനസ്ഥാപിച്ചു കൊണ്ട് ഓര്‍ഡിനന്‍സ് ഇറക്കാന്‍ കേന്ദ്രസര്‍ക്കാരിനോ സംസ്ഥാന സര്‍ക്കാരിനോ സാധിക്കില്ല. ഭരണഘടനാ ബെഞ്ച് നിയമവിരുദ്ധമെന്ന് കണ്ട് പുറപ്പെടുവിച്ച ഒരു ഉത്തരവിനെ തിരുത്തി നിയമഭേദഗതി കൊണ്ടുവരാനോ പുതിയ നിയമം സൃഷ്ടിക്കാനോ നിയമസഭകള്‍ക്കോ ഇന്ത്യന്‍ പാര്‍ലമെന്‍റിനോ അധികാരമില്ല. ആകെ ചെയ്യാവുന്നത് സുപ്രീംകോടതിയില്‍ വീണ്ടും റിവ്യൂ ഹര്‍ജിയുമായി പോയി നോക്കുക എന്നത് മാത്രമാണ്. അതു തന്നെ പരിഗണിക്കപ്പെടാനുള്ള സാധ്യത വിരളമാണെന്നും ജോസഫ് സി മാത്യു വിശദീകരിച്ചു.
