ന്യൂഡല്‍ഹി: അടിമത്വത്തിന്‍റെ പ്രതീകമായ താജ്മഹൽ പൊളിക്കണമെന്ന ബിജെപി എംഎല്‍എ സംഗീത് സോമിന്‍റെ വിവാദ പരാമർശത്തിന് മറുപടിയുമായി സമാജ് വാദി പാർട്ടി നേതാവ് അസംഖാൻ രംഗത്ത്. താജ്മഹൽ അപമാനമെങ്കിൽ അടിമത്വത്തിന്‍റെ പ്രതീകമായ രാഷ്ട്രപതി ഭവനും പാർലമെന്‍റും കുത്തബ് മിനാറും പൊളിക്കണമെന്നായിരുന്നു അസംഖാന്‍റെ മറുപടി. എന്നാൽ താജ് മഹൽ ഇന്ത്യൻ സംസ്‍കാരത്തിന് ചേർന്നതല്ലെന്ന നിലപാടിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉറച്ച് നിൽക്കുകയാണ്.

ഉത്തർപ്രദേശ് സർക്കാർ ടൂറിസം ബുക്ക് ലെറ്റിൽ നിന്ന് താജ് മഹലിനെ ഒഴിവാക്കിയപ്പോൾ തുടങ്ങിയ വിവാദമാണ് അസംഖാന്‍റെ വെല്ലുവിളിയിൽ എത്തി നിൽക്കുന്നത്. അടിമത്വത്തിന്‍റെ പ്രതീകമായ താജ് മഹൽ ഇന്ത്യക്ക് അപമാനമെന്ന ബിജെപി എംഎൽഎ സംഗീത് സോമിന്‍റെ പ്രസ്താവനയ്ക്കുള്ള മറുപടിയാണ് അസംഖാൻ നൽകിയത്. അടിമത്വത്തിന്‍റെ പ്രതീകങ്ങൾ പൊളിക്കുന്നെങ്കിൽ എന്തിന് താജ് മഹൽ മാത്രമാക്കണമെന്ന് അസംഖാൻ ചോദിച്ചു.

താജ് മഹൽ ഇന്ത്യൻ സംസ്കാരത്തിന് ചേർന്നതല്ലെന്ന നിലപാട് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്നും ആവർത്തിച്ചു. ആരു നിർമിച്ചതായാലും ഇന്ത്യക്കാരുടെ വിയർപ്പും രക്തവും അതിലുണ്ടെന്ന് ആദിത്യനാഥ് പറഞ്ഞു.എന്നാൽ വിവാദം ഉണ്ടാക്കിയ പ്രതിഛായ നഷ്ടം ഒഴിവാക്കാൻ ആദിത്യനാഥ് ഈ മാസം 26ന് താജ്മഹൽ സന്ദർശിക്കും. താജ് മഹൽ ഇന്ത്യയുടെ അഭിമാനമാണെന്ന് കേന്ദ്ര ടൂറിസം മന്ത്രി അൽഫോൺസ് കണ്ണന്താനം വ്യക്തമാക്കി.