ഇന്നലെ അഴഗിരിയെ ചെന്നൈ വിമാനത്താവളത്തില്‍ സ്വീകരിക്കാനെത്തിയ ഡിഎംകെ എരിയാ സെക്രട്ടറിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി
ചെന്നൈ: കരുണാനിധിയുടെ മരണാനന്തരം ഡിഎംകെയില്‍ തിരിച്ചെത്താന്‍ ശ്രമിക്കുന്ന അഴിഗിരി അണികളെ ചെന്നൈയില്‍ ഇറക്കി ശക്തിപ്രകടനം നടത്തി.
കരുണാനിധി സമാധിയില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എന്ന പേരില്‍ വിളിച്ചു ചേര്‍ത്ത റാലിയില്‍ ഏതാണ്ട് 8000 പേര്‍ എത്തിയെന്നാണ് കണക്ക്. ഇതില്‍ ഭൂരിപക്ഷവും അഴഗിരിയുടെ സ്വന്തം തട്ടകമായ മധുരയില്‍ നിന്നാണ്.
അഴഗിരിയെ മഹാനായ നേതാവായി വാഴ്ത്തിയും, തമിഴ് നാടിന്‍റെ മാറ്റമായി പുകഴ്ത്തിയും റാലിയില്‍ മുദ്രാവാക്യങ്ങള്‍ മുഴങ്ങി. തന്നെ ഡിഎംകെയിലേക്ക് തിരിച്ചെടുക്കണമെന്നും സ്റ്റാലിനെ തന്‍റെ നേതാവായി അംഗീകരിക്കാന്‍ തയ്യാറാണെന്നും അഴഗിരി നേരത്തെ പറഞ്ഞിരുന്നു.
അതേസമയം അഴഗിരിയുടെ റാലിയെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാന്‍ ഡിഎംകെ തയ്യാറായില്ല. പാര്‍ട്ടി അധ്യക്ഷനും അഴഗിരിയുടെ അനിയനുമായ എം.കെ.സ്റ്റാലിന്‍ പാര്‍ട്ടി ആസ്ഥാനമായ അണ്ണാ അറിവാലയത്തില്‍ എത്തി പ്രവര്‍ത്തകരേയും പൊതുജനങ്ങളേയും കണ്ടു. ഇന്നലെ അഴഗിരിയെ ചെന്നൈ വിമാനത്താവളത്തില്‍ സ്വീകരിക്കാനെത്തിയ ഡിഎംകെ എരിയാ സെക്രട്ടറിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി ഉത്തരവിറങ്ങിയിട്ടുണ്ട്.
