തൃശൂര്‍: ഏഴ് മാസത്തെ പ്രതിഷേധങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കുമൊടുവില്‍ എറണാകുളം-തൃശൂര്‍ ജില്ലകളെ ബന്ധിപ്പിക്കുന്ന അഴീക്കോട് ജങ്കാര്‍ സര്‍വീസ് ചൊവ്വാഴ്ച പുനരാരംഭിക്കുന്നു. തൃശൂര്‍ ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള എം.ബി.മുസരിസ് എന്ന ജങ്കാര്‍ അറ്റകുറ്റപ്പണികള്‍ക്കായി കൊച്ചിന്‍ ഷിപ്പ്യാര്‍ഡില്‍ കയറ്റിയതാണ്. താല്‍ക്കാലികമായി കരാറുകാരന്റെ ഉത്തരവാദിത്വത്തില്‍ ബോട്ട് സര്‍വീസായിരുന്നു ഇവിടെ. അപകട സാധ്യതകള്‍ ഏറെയായതിനാല്‍ ബോട്ട് സര്‍വീസ് നീട്ടിക്കൊണ്ടുപോകാനാവില്ലെന്ന നിലപാടിലായിരുന്നു നാട്ടുകാര്‍.
ജങ്കാര്‍ സര്‍വീസ് പുനരാരംഭിക്കാതിരിക്കുന്നത് ജില്ലാ പഞ്ചായത്ത് ഭരണസമിതിയുടെ കഴിവുകേടാണെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷം അഴീക്കോട് സമരത്തിലുമാണ്. എന്നാല്‍, സാമ്പത്തിക നടപടികള്‍ പൂര്‍ത്തിയാക്കുന്നതില്‍ വന്ന കാലതാമസാണ് അറ്റകുറ്റപണികള്‍ വൈകാന്‍ ഇടയാക്കിയതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍ വ്യക്തമാക്കി. കൊച്ചിന്‍ ഷിപ്പ്യാര്‍ഡില്‍ നിന്നും 1.61 കോടിയുടെ അറ്റക്കുറ്റപണികള്‍ പൂര്‍ത്തിയാക്കിയാണ് എം.ബി.മുസരിസ് നീറ്റിലിറങ്ങുന്നത്.
ജിഎസ്ടി ഇനത്തില്‍ മാത്രം 38.19 ലക്ഷം ചെലവ് വന്നതായി പ്രസിഡന്റ് പറഞ്ഞു. ജിഎസ്ടി ഒഴിവാക്കാന്‍ കത്തിടപാടുകള്‍ നടത്തിയതാണ് വൈകാന്‍ ഏറെ കാരണമായത്. സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ജങ്കാറിന്റെ അറ്റകുറ്റപ്പണികള്‍ക്കും മറ്റുമായി 2017-18 വര്‍ഷത്തെ ജില്ലാ പഞ്ചായത്ത് ബജറ്റില്‍ രണ്ട് കോടി രൂപയാണ് വകയിരുത്തിയത്. ജങ്കാര്‍ ഏറ്റെടുക്കുകയോ അറ്റകുറ്റപണികള്‍ക്ക് പണം അനുവജിക്കുകയോ വേണമെന്നാവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് സര്‍ക്കാരിനെ നേരത്തെ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ ആ മോഹം നടന്നില്ല. ഇതോടെയാണ് ജില്ലാ പഞ്ചായത്ത് ഫണ്ട് ചെലവിട്ട് ജങ്കാര്‍ പുതുക്കിയത്.
പഴയ തകിടുകള്‍ മാറ്റി ചോര്‍ച്ച ഒഴിവാക്കി സുരക്ഷ കൂടുതല്‍ ശക്തമാക്കിയും സീറ്റുകള്‍ പുതിയവ ഘടിപ്പിച്ചും മനോഹരമാക്കിയാണ് ജങ്കാര്‍ സര്‍വീസ് പുനരാരംഭിക്കുന്നത്. ഇടയ്ക്കിട പണിമുടക്കുന്ന എഞ്ചിന്റെ കാര്യക്ഷമതയും വര്‍ദ്ധിപ്പിച്ചു. നിലവില്‍ 20 ടണ്‍ ഭാരം എന്നത് 40 ടണ്‍ ഭാരം കയറ്റാവുന്ന സ്ഥിതിയാക്കി. നിലവിലെ കരാര്‍ വ്യവസ്ഥയനുസരിച്ച് നടത്തിപ്പുകാരന് 285 ദിവസത്തെ സര്‍വീസ് നഷ്ടമുണ്ടായെന്നും അത് പുനസ്ഥാപിച്ചുതരണമെന്നുമുള്ള കത്ത് ശനിയാഴ്ച ജില്ലാ പഞ്ചായത്ത് യോഗം പരിഗണനയ്ക്കെടുത്തു.
നൂറ് ദിവസത്തേക്ക് കരാര്‍ കാലാവധി നീട്ടാനാണ് തീരുമാനിച്ചത്. താല്‍ക്കാലികാടിസ്ഥാനത്തില്‍ ബോട്ട് സര്‍വീസ് ഏര്‍പ്പെടുത്തിയിരുന്നുവെങ്കിലും കേടുപാടുമൂലം ജങ്കാര്‍ സര്‍വീസ് നടത്തിപ്പ് മുടങ്ങിയത് നഷ്ടമുണ്ടാക്കിയെന്ന കത്തിലെ ഉള്ളടക്കം പരിഗണിച്ചാണ് കരാര്‍ നീട്ടിയത്. ജങ്കാര്‍ സര്‍വീസ് ഏറ്റെടുക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടുവെങ്കിലും ബജറ്റില്‍ പാലത്തിനായി തുക വകയിരുത്തിയ സാഹചര്യത്തില്‍ പരിഗണിക്കാനാവില്ലെന്നും ജില്ലാ പഞ്ചായത്തിനോട് തന്നെ സര്‍വീസ് തുടരാനാണ് നിര്‍ദ്ദേശിച്ചത്. നൂറ് ദിവസം പൂര്‍ത്തിയാവും മുമ്പ് അടത്ത ടെണ്ടറിനുള്ള നടപടികളും ആരംഭിക്കും.
ജങ്കാര്‍ സര്‍വീസ് നിറുത്തിവെച്ചതില്‍ നിരന്തര സമരത്തിലായിരുന്നു കോണ്‍ഗ്രസും യു.ഡി.എഫും ജില്ലാ പഞ്ചായത്ത് യോഗത്തിന് പുറത്ത് പ്രതിഷേധം തീര്‍ത്തു. ശനിയാഴ്ച രാവിലെ 10.30നാണ് ജില്ലാ പഞ്ചായത്ത് യോഗം ആരംഭിക്കേണ്ടിയിരുന്നതെങ്കിലും അംഗങ്ങള്‍ വൈകിയതോടെ യോഗം 11.15നാണ് ആരംഭിച്ചത്. അഞ്ച് യുഡിഎഫ് അംഗങ്ങളും കോണ്‍ഗ്രസിലെ തന്നെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും യോഗത്തിനെത്തിയെങ്കിലും ജങ്കാര്‍ സര്‍വീസ് എന്ന ഏക അജണ്ടയില്‍ എതിര്‍പ്പൊന്നും അറിയിച്ചില്ല.
കരാര്‍ നീട്ടലും ഏഴിന് സര്‍വീസ് ആരംഭിക്കാന്‍ തീരുമാനിക്കുകയും ചെയ്ത് യോഗം അവസാനിച്ചതോടെയാണ് പ്രതിപക്ഷത്തെ പ്രധാന അംഗങ്ങളെത്തിയത്. അതിനിടെ തൃശൂര്‍ ലോ കോളജിലെ കെഎസ് യു പ്രവര്‍ത്തകരും നഗരത്തിലെ യൂത്ത് കോണ്‍ഗ്രസ് നേതാക്കളും ജില്ലാ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ മുദ്രാവാക്യം മുഴക്കിയെത്തി. കവുങ്ങിന്‍ പാളയില്‍ ആളെ കെട്ടിവലിച്ചുള്ള പ്രതിഷേധമായിരുന്നു സമരമുറ.
