സോഷ്യല്‍ മീഡിയ 'കൊലപ്പെടുത്തിയ' യോഗാ ഗുരുവുമായ ബാബാ രാംദേവ്. മുംബൈ-പൂനെ ഹൈവേയിലുണ്ടായ ഒരു വാഹനാപകടത്തില്‍ ബാബ രാംദേവ് കൊല്ലപ്പെട്ടു എന്ന രീതിയിലുള്ള വാര്‍ത്തയും ചിത്രങ്ങളുമാണ് ഇപ്പോള്‍ വാട്ട്സ്ആപ്പില്‍ പ്രചരിക്കുന്നത്.
പൂനെയില്‍ നിന്നും മുംബൈയിലേക്ക് പോവുകയായിരുന്ന രാംദേവും മറ്റ് നാലു പേരുമാണ് അപകടത്തില്‍പെട്ടത് എന്നായിരുന്നു വാര്‍ത്ത. കൂടെ രാംദേവിനെ സ്‌ട്രെച്ചറില്‍ ആംബുലന്‍സിലേക്ക് മാറ്റുന്ന ദൃശ്യവും പ്രചരിച്ചു. അപകടത്തില്‍ പൂര്‍ണ്ണമായും തകര്‍ന്ന ഒരു കാറിന്‍റെ ചിത്രവും നല്‍കി. ഇതോടെ രാംദേവിന്‍റെ മരണവാര്‍ത്ത കാട്ടുതീ പോലെ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു. രാംദേവിന്‍റെ അനുയായികളെ കുറച്ചൊന്നുമല്ല ഈ വാട്‌സ്ആപ്പ് സന്ദേശം ആശങ്കയിലാക്കിയത്.
എന്നാല്‍ 2011ല്‍ രാംദേവ് ബിഹാറില്‍ വച്ച് നേരിട്ട ഒരു അപകടത്തിന്റെ ദൃശ്യങ്ങളാണ് വാട്‌സ്ആപ്പില്‍ പ്രചരിക്കുന്നതെന്ന് പിന്നീടാണ് മനസ്സിലായത്. അദ്ദേഹത്തിന്റെ അനുയായികള്‍ക്കിടയില്‍ ആശങ്ക പരത്തുക എന്ന ലക്ഷ്യത്തോടെ ആറു വര്‍ഷം മുന്‍പുള്ള ദൃശ്യങ്ങള്‍ ആരോ മനഃപൂര്‍വ്വം പ്രചരിപ്പിക്കുകയായിരുന്നു. കാറിന്‍റെ നമ്പര്‍ പ്ലേറ്റില്‍ നിന്ന് ബിഹാര്‍ രജിസ്‌ട്രേഷനിലുള്ള വാഹനമാണ് അപകടത്തില്‍പെട്ടതെന്ന വ്യക്തമാക്കുന്നുണ്ട്.
പതാഞ്ജലിയുടെ നെല്ലിക്കാ ജ്യൂസ് ലാബിലെ ഗുണപരിശോധനയില്‍ പരാജയപ്പെട്ടതിനു പിന്നാലെയാണ് രാംദേവിന്റെ 'മരണവാര്‍ത്ത'യും വാട്‌സ്ആപ്പില്‍ പ്രചരിച്ചത്. സൈനിക ക്യാംപുകളിലെ നെല്ലിക്ക ജ്യുസിന്‍റെ വില്‍പ്പന നിര്‍ത്തിവച്ചിരുന്നു. വിതരണ കമ്പനികള്‍ക്ക് പ്രതിരോധ മന്ത്രാലയം കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിരുന്നു.
ഇത്തരമൊരു അപകടം അടുത്തനാളുകളിലൊന്നും പൂനെ-മുംബൈ ദേശീയപാതയില്‍ ഉണ്ടായിട്ടില്ലെന്ന് ഹൈവേ കണ്‍ട്രോള്‍ ഓഫീസര്‍ പറഞ്ഞു.
