ദില്ലി: കേന്ദ്രസർക്കാരിന്‍റെ നോട്ട് നിരോധനത്തെ പിന്തുണച്ച് വിവാദ യോഗാഗുരു ബാബാ രാംദേവ്. അതിർത്തികളിൽ സൈനികർ ദിവസങ്ങളോളം ഭക്ഷണമില്ലാതെ കഴിച്ചുകൂട്ടുന്നുണ്ടെന്നും പണം പിൻവലിക്കാനെത്തുന്നവർ ആ ക്ഷമയെങ്കിലും കാണിക്കണമെന്നുമാണ് രാദേവിന്റെ വാദം. നിത്യചെലവിനു പോലും പണമില്ലാതെ ജനങ്ങൾ നെട്ടോട്ടമോടുമ്പോഴാണ് രാംദേവിന്റെ മോദിസ്തുതി.
ജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ സർക്കാർ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അതിനാൽ മോദിയെ ആരും കുറ്റപ്പെടുത്തരുത്. യുദ്ധസമയത്ത്, 7–8 ദിവസത്തേക്ക് സൈനികർ ഭക്ഷണമില്ലാതെ കഴിച്ചുകൂട്ടുന്ന സാഹചര്യമുണ്ട്. നമ്മുടെ രാജ്യത്തിനുവേണ്ടി അത്രയെങ്കിലും ചെയ്തുകൂടെ...?– രാംദേവ് ചോദിക്കുന്നു.
എടിഎമ്മുകൾ വഴി പുതിയ 2000 രൂപാ നോട്ടുകൾ എത്തിക്കാൻ ഇനിയും മൂന്നാഴ്ച വേണമെന്നാണ് കേന്ദ്രസർക്കാർ പറയുന്നത്. രണ്ടായിരം രൂപയുടെ വലിപ്പത്തിൽ വ്യത്യാസമുള്ളതിനാൽ എടിഎമ്മുകൾ പുനക്രമീകരിക്കേണ്ടതുണ്ട്. ഡിസംബർ അവസാനം വരെ സമയമുള്ളതിനാൽ ജനം തിരക്കു കൂട്ടേണ്ടതില്ലെന്നും കേന്ദ്രം കഴിഞ്ഞ ദിവസം ഉപദേശിച്ചിരുന്നു.
