മുതൽ മുടക്ക് അഞ്ഞൂറ് കോടി കരൗലി ജില്ലയിൽ ഫുഡ് പാർക്ക് ഗോശാലയും യോഗാകേന്ദ്രവും ഉൾപ്പെടെ
രാജസ്ഥാൻ: അഞ്ഞൂറ് കോടി മുതൽ മുടക്കിൽ രാജസ്ഥാനിലെ കരൗലി ജില്ലയിൽ ബാബാ രാംദേവ് ആരംഭിക്കാനിരുന്ന ഫുഡ് പാർക്ക് പദ്ധതിക്ക് സ്ഥലം നിഷേധിച്ച് സംസ്ഥാന സർക്കാർ. ഗോവിന്ദ്ജി ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള മന്ദിർ മാഫി ഭൂമിയാണ് ഫുഡ് പാർക്കിനായി തെരഞ്ഞെടുത്തിരുന്നത്. ചട്ടപ്രകാരം ഈ സ്ഥലം വിൽക്കാനോ പാട്ടത്തിന് നൽകാനോ വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗിക്കാനോ കഴിയില്ല. ഫുഡ് പാർക്ക്, ഗുരുകുലം, യോഗാപീഠം, ആയുർവേദ ഹോസ്പിറ്റൽ, ആയുർവേദ മരുന്ന് നിർമ്മാണ കേന്ദ്രം, ഗോശാല എന്നിവയാണ് ഈ വമ്പൻ പദ്ധതിയിൽ ബാബാ രാംദേവ് ഉൾപ്പെടുത്തിയിരുന്നത്. പതജ്ഞലി ട്രസ്റ്റും ഗോവിന്ദ്ജി ട്രസ്റ്റും തമ്മിലുള്ള കരാർ റദ്ദാക്കിയതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
മന്ദിർമാഫിയിൽ നിർമ്മാണപ്രവർത്തനങ്ങൾ നടത്താൻ പതജ്ഞലിക്ക് സാധിക്കില്ല. ചട്ടമനുസരിച്ച് അവിടെ കൃഷിത്തോട്ടം മാത്രമേ സാധ്യമാകൂ. എന്നാൽ ഇരുട്രസ്റ്റുകളും തമ്മിൽ വീണ്ടും ഒരു കരാറിന് ശ്രമിക്കുന്നതായി അധികൃതർ വ്യക്തമാക്കുന്നു. കരാർ സാധ്യമായാൽ തന്നെ അവിടെ കൃഷി അല്ലാതെ മറ്റൊന്നും നടത്താൻ കഴിയില്ല. ഔഷധ സസ്യങ്ങൾ വച്ചു പിടിപ്പിക്കാൻ ഈ സ്ഥലം ഉപയോഗിക്കാൻ സാധിക്കും.
ഫുഡ് പാർക്കും മറ്റ് അനുബന്ധ നിർമ്മാണങ്ങളും നടത്തുന്നതിലേയ്ക്കായി ബദൽ സ്ഥലം അനുവദിക്കുന്ന കാര്യം പരിഗണനയിലുണ്ടന്ന് രാജസ്ഥാൻ സർക്കാർ അറിയിച്ചിട്ടുണ്ട്. ഏപ്രിൽ 22 നാണ് മുഖ്യമന്ത്രി വസുന്ധര രാജ സിന്ധ്യയും ബാബാ രാംദേവും ചേർന്ന് ഫുഡ് പാർക്കിന് തറക്കല്ലിട്ടത്. കഴിഞ്ഞ മൂന്ന് വർഷമായി പതജ്ഞലി ട്രസ്റ്റ് ഈ സ്ഥലം പാട്ടത്തിന് എടുത്തിരിക്കുകയായിരുന്നു.
