കോട്ടയം: കോടതി വിധിയെ തുടര്‍ന്ന് കുടിയൊഴിപ്പിക്കപ്പെട്ട് പെരുവഴിയിലായ കാഞ്ഞിരപ്പള്ളി സ്വദേശി ബബിതയ്‌ക്കും മകള്‍ സൈബയ്‌ക്കും സുമനസുകളുടെയ സഹായഹസ്തം.ഇരുവര്‍ക്കും അടിയന്തിര ധനസഹായം നല്‍കാന്‍ മുഖ്യമന്ത്രി കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി.നൈനാര്‍ പള്ളി സെന്‍ട്രല്‍ ജുമാ അത്ത് കമ്മിറ്റി കുടുംബത്തെ ഏറ്റെടുത്തു .

മകളെയും കൊണ്ട് പെരുവഴിയിലേയ്‌ക്കിറങ്ങേണ്ടി വന്ന രോഗിയായ ബബിതയുടെ കണ്ണീര്‍ മുഖ്യമന്ത്രിയും സുമനസുക്കളും കണ്ടു. പതിനായിരം രൂപ അടിയന്തിര ധനസഹായം നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി. തഹസില്‍ദാര്‍ ഈ തുക ബബിതയ്‌ക്ക് ആശുപത്രിയിലെത്തി കൈമാറി

കുടുംബത്തെ ഏറ്റെടുത്ത ജമാ അത്ത് കമ്മിറ്റി ബബിതയ്‌ക്കും മകള്‍ സൈബയ്‌ക്കും താമസിക്കാന്‍ വാടക വീട് കണ്ടെത്തി. സ്ഥലം വാങ്ങി വീട് നിര്‍മിച്ചു നല്‍കുമെന്നു ജമാ അത്ത് പ്രസിഡന്റ് അബ്ദുല്‍ സലാം ബബിതയെ അറിയിച്ചു. ഇതിനായി കാഞ്ഞിരപ്പള്ളി ഇന്ത്യന്‍ ബാങ്ക് ശാഖയില്‍ 6514011290 എന്ന നമ്പരില്‍ അക്കൗണ്ടും തുറന്നു. IDIB000K277 ആണ് ഐ.എഫ്.എസ്.സി കോഡ് .ടേക്ക് ഓഫ് എന്ന സിനിമ റിലീസ് ചെയ്യുന്ന വെള്ളിയാഴ്ച ബബിതയ്‌ക്ക് അഞ്ചു ലക്ഷം രൂപ കൈമാറുമെന്ന് നിര്‍മാതാവ് ആന്റോ ജോസഫ് അറിയിച്ചു.

ആദ്യ സഹായമായി കാഞ്ഞിരപ്പള്ളി പൊലീസ് രണ്ടായിരം രൂപ കൈമാറി. പ്രവാസികളടക്കം നിരവധി വ്യക്തികളും സംഘടനകളും സഹായവാഗ്ദാനം ചെയ്തു .ഭര്‍തൃസഹോദരന്‍ നല്‍കിയ സ്വത്ത് കേസില്‍ കോടതി വിധിയെ തുടര്‍ന്നാണ് വിധവയായ ബബിതയെയും സ്കൂള്‍ വിദ്യാര്‍ഥിനായ മകളെയും താമസസ്ഥലത്ത് നിന്ന് കുടിയൊഴിപ്പിച്ചത്.