ബാബ്‍റി മസ്ജിദ് കേസിൽ ബിജെപി നേതാക്കളായ എൽ കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമ ഭാരതി എന്നിവര്‍ കോടതിയിൽ നേരിട്ട് ഹാജരാകേണ്ടെന്ന് ലഖ്നൗവിലെ സിബിഐ കോടതി. പ്രായം കണക്കിലെടുത്ത് ദൈനംദിന വിചാരണയ്ക്കായി നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്നായിരുന്നു എൽ കെ അദ്വാനിയുടേയും മുരളി മനോഹര്‍ ജോഷിയുടേയും ആവശ്യം. ഔദ്യോഗിക ആവശ്യങ്ങൾക്കായി യാത്രകൾ നടത്തേണ്ടതിനാൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്നായിരുന്നു ഉമ ഭാരതിയുടെ അപേക്ഷ. മൂന്നുപേരുടേയും ആവശ്യം കോടതി അംഗീകരിച്ചു. എപ്പോൾ വിളിച്ചാലും കോടതിയിൽ ഹാജരാകണമെന്നും സ്പെഷ്യൽ സിബിഐ ജഡ്ജി എസ് കെ യാദവ് ഉത്തരവിട്ടു. നേരത്തെ പ്രതികൾക്കെതിരെ കോടതി ഗൂഢാലോചനക്കുറ്റം ചുമത്തിയിരുന്നു.