മകൻ നഷ്ടമായതിന്‍റെ ഞെട്ടൽ മാറും മുൻപേ ഭർത്താവിനെയും കാണാതായതിന്‍റെ ആഘാതത്തിലാണ് ദില്ലിക്കടുത്ത് ഗാസിയാബാദിലെ ഒരു മലയാളി വീട്ടമ്മ. ദില്ലി എയിംസിലെ  ചികിത്സയ്ക്കിടെ ഹരിപ്പാട് സ്വദേശി ബാബുവിനെ കാണാതായെന്ന് ഭാര്യ വൽസല പെലീസിൽ പരാതി നല്‍കി.

ദില്ലി: മകൻ നഷ്ടമായതിന്‍റെ ഞെട്ടൽ മാറും മുൻപേ ഭർത്താവിനെയും കാണാതായതിന്‍റെ ആഘാതത്തിലാണ് ദില്ലിക്കടുത്ത് ഗാസിയാബാദിലെ ഒരു മലയാളി വീട്ടമ്മ. ദില്ലി എയിംസിലെ ചികിത്സയ്ക്കിടെ ഹരിപ്പാട് സ്വദേശി ബാബുവിനെ കാണാതായെന്ന് ഭാര്യ വൽസല പൊലീസിൽ പരാതി നല്‍കി.

കഴിഞ്ഞ മാസം 23-നാണ് വൽസലയുടെ ഭർത്താവ് ബാബുവിനെ ദില്ലി എയിംസിൽ പ്രവേശിപ്പിച്ചത്. 24ന് രാത്രി 11 മണിയോടെ ബാബുവിനെ കാണാതാവുകയായിരുന്നു. രണ്ട് മാസം മുൻപാണ് ഇവരുടെ ഏകമകൻ ഒമാനിൽ വെച്ചുണ്ടായ അപകടത്തിൽ മരിക്കുന്നത്. ഇതേത്തുടർന്ന് വിഷാദ രോഗത്തിന് ചികിത്സ തേടിയാണ് ബാബുവിനെ എയിംസിലെത്തിച്ചത്. കേരളത്തിലേക്ക് പോകുമെന്ന് ബാബു കാണാതായ ദിവസം പറഞ്ഞിരുന്നതായി ബന്ധുക്കൾ പറയുന്നു.

എയിംസിൽ നിന്ന് ബാബു പുറത്തേക്ക് പോകുന്നതിന്‍റെ ദൃശ്യങ്ങൾ സിസിടിവിയിലുണ്ട്. പൊലീസിൽ പരാതി നല്‍കിയെങ്കിലും ഇതുവരെ സൂചനയൊന്നും കിട്ടിയിട്ടില്ല. മകന്‍റെ മരണത്തിന് പിന്നാലെ ഭർത്താവിനെയും നഷ്ടമാകുമോ എന്ന ഭീതിയിലാണ് വൽസല ഇപ്പോൾ.