സെറ്റും മുണ്ടുമൊന്നുമുടക്കാതെ മുഷിഞ്ഞ വേഷത്തിലായിരുന്നു ബേബിയമ്മ

തിരുവനന്തപുരം: തലസ്ഥാനം ഇന്ന് ആറ്റുകാല്‍ ദേവിക്ക് പൊങ്കാല അര്‍പ്പിക്കാന്‍ എത്തിയ ഭക്തരെക്കൊണ്ട് നിറഞ്ഞിരുന്നു. ആറ്റുകാല്‍ ക്ഷേത്രപരിസരത്ത് മാത്രമല്ല, കിലോ മീറ്റർ അകലെ കിഴക്കെകോട്ടയിലും തമ്പാനൂരിലുമൊക്കെ പൊങ്കാലക്കലങ്ങള്‍ നിറഞ്ഞിരുന്നു. ക്ഷേത്രപരിസരത്തിലും നഗരത്തിലും പൊങ്കാലയിടാന്‍ ആളുകള്‍ നിറഞ്ഞപ്പോള്‍ ഇടപ്പള്ളി കിള്ളിയാറിന് അക്കരെ ബേബിയമ്മയും പൊങ്കാല അര്‍പ്പിച്ചു, ഒറ്റയ്ക്ക്.

ഇടപ്പഴഞ്ഞി കിളളിയാർ കടന്ന് അരക്കിലോമീറ്റർ ഇപ്പുറം ആണ് മറുക്കാന്‍ കട നടത്തുന്ന ബേബിയമ്മയുടെ വീട്. നഗരത്തില്‍ പോയി പൊങ്കാല അര്‍പ്പിക്കാന്‍ വയ്യാത്തത് കൊണ്ട് ബേബിയമ്മ വീടിന് മുന്നില്‍ പൊങ്കാലയിട്ടു. സെറ്റും മുണ്ടുമൊന്നുമുടക്കാതെ മുഷിഞ്ഞ വേഷത്തില്‍ തന്നെ. 

ആറും തോടും മറികടന്ന് ദേവി വരില്ലെന്നാണ് വിശ്വാസം, "എന്താ ഇവിടെ പൊങ്കാല ദേവി വരുമോ പോറ്റി വരില്ലല്ലോ തീർത്ഥം തളിക്കാൻ.." ? ചോദ്യങ്ങൾക്ക് ബേബിയമ്മയുടെ ഉത്തരം ഇങ്ങനെയാണ്. വയസ്സ് 72 ആയി, വല്ലാത്ത കാൽമുട്ട് വേദനയും. അങ്ങോട്ടും ഇങ്ങോട്ടും നടക്കാൻ എനിക്ക് വയ്യ. നാട് കാക്കുന്ന ആറ്റുകാൽ അമ്മക്ക് ഈ ആറ് കടക്കാൻ ഒരു പ്രയാസവും ഉണ്ടാവില്ല .. പിന്നെ പോറ്റി. ഭഗവതിക്ക് നേദിക്കാൻ എനിക്കറിയാം- ബേബിയമ്മ പറയുന്നു.