ഉസ്മാനാബാദ്: ജനിച്ച് ആറുമിനിറ്റിനുള്ളില്‍ ആധാര്‍ കാര്‍ഡ് നേടി പെണ്‍കുട്ടി ചരിത്രം സൃഷ്ടിച്ചു. മഹാരാഷ്ട്രയിലെ ഉസ്മാനാബാദ് ജില്ലയിലെ വനിതാ ആശുപത്രിയിലാണ് ഏറ്റവും പ്രായം കുറഞ്ഞ ആധാര്‍ ഉടമ ജനിച്ചത്. ഭാവന സന്തോഷ് ജാദവാണ് ഏറ്റവും പ്രായം കുറഞ്ഞ കുട്ടി. ഞായറാഴ്ച ഉച്ചയ്ക്ക് 12.03 ആണ് കുഞ്ഞ് പിറന്നത്. 

തുടര്‍ന്ന് ആധാര്‍ കാര്‍ഡ് എടുക്കാനുള്ള നടപടിക്രമങ്ങള്‍ രക്ഷിതാക്കള്‍ ആരംഭിക്കുകയായിരുന്നു. 12.09 ഓടെ ഓണ്‍ലൈന്‍ ജനനസര്‍ട്ടിഫിക്കറ്റും ആധാര്‍ നമ്പറും കുട്ടിക്ക് ലഭിക്കുകയായിരുന്നുവെന്ന് ജില്ലാകളക്ടര്‍ രാധാകൃഷ്ണ ഗാമെ പറഞ്ഞു. ഇത് ഏറ്റവും അഭിമാനകരമായ നിമിഷമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ഉടന്‍തന്നെ ആധാര്‍കാര്‍ഡ് ലഭ്യമാക്കാനുള്ള നടപടികള്‍ ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നും ജില്ലാകളക്ടര്‍ പറഞ്ഞു. ഈ വര്‍ഷത്തിനിടെ ജനിച്ച 1300 കുഞ്ഞുങ്ങള്‍ക്ക് അതിവേഗം ആധാര്‍ കാര്‍ഡ് ലഭ്യമാക്കിയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം അമ്മയും കുഞ്ഞും സുരക്ഷിതായിരിക്കുന്നുവെന്ന് ഇവരെ പരിശോധിക്കുന്ന ഡോക്ടര്‍ ഏകനാഥ് മേയ്ല്‍ പറഞ്ഞു.