കട്ടപ്പന: ഇടുക്കിയിലെ കട്ടപ്പനയില്‍ മൂന്നരമാസം പ്രായമുള്ള ആണ്‍കുട്ടിയുടെ മരണം കൊലപാതകമെന്ന് പോലീസ്. തലയില്‍ ഏറ്റ രണ്ട് മുറിവുകളാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് വ്യക്തമാക്കി. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇത് വ്യക്തമാക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. കുട്ടിയുടെ പിതാവാണ് ചോരവാര്‍ന്നൊഴുകുന്ന കുട്ടിയുമായി ആശുപത്രിയിലെത്തിയത്.
ചെവിയില്‍ നിന്നും രക്തം വാര്‍ന്നൊഴുകുന്നത് കണ്ടതിനെ തുടര്‍ന്ന് പിതാവ് കുട്ടിയെ ചെറുതോണിയിലെ ആശുപത്രിയിലെത്തിച്ചതെന്നാണ് പിതാവ് പറഞ്ഞത്. പിന്നീട് തുടര്‍ ചികിത്സയ്ക്കായി കട്ടപ്പനയിലെ ആശുപത്രിയിലേക്ക് മാറ്റി. തൊട്ടിലില്‍ നിന്ന് വീണ് പരിക്കേറ്റെന്നാണ് മാതാപിതാക്കള്‍ പോലീസിനോട് പറഞ്ഞത്.
എന്നാല്‍ മുറിവ് ഉണ്ടായതിനെ തുടര്‍ന്ന് സംശയം തോന്നിയ പോലീസ് പിതാവിനെ ചോദ്യം ചെയ്തു. ഇയാള്‍ ചോദ്യം ചെയ്യലിനോട് പൂര്‍ണമായും സഹകരിച്ചിട്ടില്ല. അതേ സമയം കുട്ടിയുടെ അമ്മയ്ക്ക് മാനാസികസ്വാസ്ഥ്യം ഉള്ളതായി പോലീസിന് വിവരം ലഭിച്ചു. മരണവുമായി ബന്ധപ്പെട്ട് സമീപവാസികളില്‍ നിന്നും പോലീസ് മൊഴിയെടുക്കുന്നുണ്ട്. ഇടുക്കി സി ഐയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
