ഡിജിപിയുടെ ബാഡ്‍ജ് ഓഫ് ഓണര്‍ പ്രതികളെ പിടികൂടിയവരെ പട്ടികയില്‍ അവസാന പേരുകാരാക്കുന്നതായി ആക്ഷേപം

തിരുവനന്തപുരം: മികച്ച കുറ്റാന്വേഷണകനുള്ള ഡിജിപിയുടെ ബാഡ്ജ് ഓഫ് ഓണറിനുള്ള ശുപാര്‍ശയില്‍ ഉന്നതഉദ്യോഗസ്ഥര്‍ ഇഷ്ടക്കാരെ തിരുകി കയറ്റുന്നതായി ആക്ഷേപം. പ്രതികളെ പിടികൂടിയവരെ പട്ടികയില്‍ അവസാന പേരുകാരാക്കുന്നതിനെ ചൊല്ലി പൊലീസില്‍ കലഹം മൂര്‍ച്ഛിക്കുകയാണ്.

ഓരോ കേസുകളിലും കുറ്റം തെളിയിക്കുന്നതില്‍ കഴിവ് തെളിയിച്ച ഉദ്യോഗസ്ഥരുടെ പട്ടികയാണ് ജില്ലാ പൊലീസ് മധേവി വഴി ഡിജിപിക്ക് കൈമാറുന്നത്. ഈ പട്ടികയില്‍ ചില ഉദ്യോഗസ്ഥരൊപ്പം സ്റ്റേഷനില്‍ ജോലി ചെയ്യുന്നവരെ തിരുകി കയറ്റുന്നുവെന്നാണ് ആക്ഷേപം. പേരൂര്‍ ക്കടയിലെ ശ്രീകാര്യത്ത് ആര്‍എസ്എസ് നേതാവ് രാജേഷിന്‍റെ കൊലപാതകം, പേരൂര്‍ക്കട കൊലപാതം, ലഹരിവേട്ട, അന്തര്‍സംസ്ഥാന കാര്‍മോഷണ സംഘം തുടങ്ങി നിരവധി കേസുകളില്‍ പ്രതികളെ പിടികൂടിയത് ഷാഡോ പൊലീസാണ്.

പക്ഷെ ഉന്നത ഉദ്യോഗസ്ഥരൊടൊപ്പം ഓഫീസില്‍ ജോലി ചെയ്യുന്നവരാണ് ബാഡ്‍ജ് ഓഫ് ഓണര്‍ പട്ടികയിൽ ആദ്യമിടം പിടിച്ചത്. ഇതിലെ അതൃപ്തി സിറ്റി പൊലീസ് കമ്മീഷണറെ തന്നെ സേനാംഗങ്ങള്‍ അറിയിച്ചുവെന്നാണ് അറിയുന്നത്. കഴിഞ്ഞ പ്രാവശ്യവും ബാഡ്‍ജ് ഓഫ് ഓണര്‍ പട്ടികയില്‍ പാര്‍ശ്വവര്‍ത്തികളെ തിരികി കയറ്റിയെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. സ്പെഷ്യല്‍ ബ്രാഞ്ചും ഇതേ കുറിച്ച് അന്വേഷിക്കുന്നുണ്ട്.