അസം: പത്ര സമ്മേളനത്തിൽ ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകന് നേരെ ആക്രോശിച്ച അഖിലേന്ത്യാ ഐക്യ ജനാധിപത്യ മുന്നണി(എ ഐ യു ഡി എഫ്) തലവനും എം പിയുമായ മൗലാന ബദ്‌റുദ്ദീന്‍ അജ്മല്‍ മാപ്പ് ചോദിച്ചു. സൗത്ത് സാല്‍മര ജില്ലയിലെ പഞ്ചായത്ത് തെരെഞ്ഞെടുപ്പ് വിജയികളെ ആദരിക്കുന്ന ചടങ്ങിനിടെയായിരുന്നു എം പി മാധ്യമപ്രവർത്തകനെ ഭീഷണിപ്പെടുത്തിയത്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ എ ഐ യു ഡി എഫ് ആർക്ക് പിന്തുണ നൽകുമെന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിനായിരുന്നു അദ്ദേഹം പൊട്ടിത്തെറിച്ചത്.

'പതിമൂന്ന് വർഷമായി രാഷ്ട്രീയത്തിൽ ഉള്ളയാളാണ് ഞാൻ. ഈ കാലയളവിനുള്ളിൽ ഇതുവരെയും ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ല. അത് എന്റെ തെറ്റാണ്. അക്കര്യം ഞാൻ അം​ഗീകരിക്കുന്നു. എനിക്ക് മാപ്പ് തരണം'-അജ്മല്‍ വാർത്താ ഏജൻസിയായ എ എൻ ഐയോട് പറഞ്ഞു. അസമിലെ ദുബ്രി ലോക്സഭാ മണ്ഡലത്തിലെ എം പിയാണ് അദ്ദേഹം.

ഇത് എന്നെ മാത്രം ഉദ്ദേശിച്ച് കൊണ്ടുള്ള ചോദ്യമാണ്. നിനക്ക് ബി ജെ പിയിൽ നിന്ന് എത്ര രൂപ കിട്ടി? അവിടെ നിന്റെ അച്ഛനെ വിൽക്കാൻ വെച്ചിട്ടുണ്ടാകും. ഇവിടെ നിന്നിറങ്ങി അങ്ങോട്ട് പോയ്ക്കോ നായേ. ഇല്ലെങ്കിൽ നിന്റെ തല ഞാൻ അടിച്ച് പൊട്ടിക്കും. നി ചെന്ന് എനിക്കെതിരെ കേസ് കൊടുക്ക്. എനിക്ക് വേണ്ടി പേരാടാൻ ആയിരക്കണക്കിന് പേരുണ്ടാകും എന്ന് പറഞ്ഞായിരുന്നു  എം പി മാധ്യമപ്രവർത്തകനെതിരെ ഭീഷണിമുഴക്കിയത്. പണം കൈനീട്ടി വാങ്ങി നിങ്ങൾ നടത്തുന്നത് മാധ്യമപ്രവർത്തനമല്ലെന്നും മുഴുവൻ മാധ്യമ പ്രവർത്തകരെയും നിങ്ങൾ അധിക്ഷേപിക്കുകയാണ് അദ്ദേഹം ചെയ്തതെന്നും എം പി ആരോപിച്ചിരുന്നു.