രണ്ട് ഐഫോണുകളും വസ്‌ത്രങ്ങളും ഉള്‍പ്പടെ ഒരു ലക്ഷം രൂപയുടെ സാധനങ്ങളടങ്ങിയ ബാഗേജ്  നഷ്‌ടപ്പെട്ടു.

കോഴിക്കോട്: താമരശേരി സ്വദേശി അസീസിന്‍റെ ബാഗേജ്, കരിപ്പൂര്‍ വിമാനത്താവളത്തില്‍ നഷ്‌ടമായിട്ട് ഒരു വര്‍ഷം കഴിയുന്നു. മോഷണം നടന്ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ വച്ചാണെന്ന് വ്യക്തമായിട്ടും പ്രതികളെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.

2017 ഫെബ്രുവരി മൂന്നിനാണ് ദുബായില്‍ നിന്നുള്ള എയര്‍ ഇന്ത്യ AI 938 വിമാനത്തില്‍ അസീസ് കരിപ്പൂരില്‍ ഇറങ്ങിയത്. രണ്ട് ഐഫോണുകളും വസ്‌ത്രങ്ങളും ഉള്‍പ്പടെ ഒരു ലക്ഷം രൂപയുടെ സാധനങ്ങളടങ്ങിയ ബാഗേജ് ഇവിടെ വച്ച് നഷ്‌ടപ്പെട്ടു. വിമാനത്താവളത്തിലെ ജീവനക്കാരാണ് മോഷണത്തിന് പിന്നിലെന്ന് അസീസ് പറയുന്നു. പൊലീസിന്റെ സഹായത്തോടെ എയര്‍പോര്‍ട്ടിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ രണ്ട് ജീവനക്കാര്‍ ചേര്‍ന്ന് ബാഗേജ് മറ്റൊരു സ്ഥലത്തേക്ക് കൊണ്ടു പോകുന്നക് കണ്ടുവെന്നും അസീസ് പറഞ്ഞു.

എന്നാല്‍ സംഭവം നടന്ന് വര്‍ഷം ഒന്ന് കഴിഞ്ഞെങ്കിലും മോഷണത്തിന് പിന്നിലുള്ളയാളെ പിടികൂടാനോ ബാഗേജ് കണ്ടത്താനോ കഴിഞ്ഞിട്ടില്ല. നിരവധി തവണ വിമാനത്താവളത്തിലും വിമാനക്കമ്പനി ഓഫീസിലും കയറിയിറങ്ങിയെങ്കിലും യാതൊരു ഫലവുമുണ്ടായില്ല. നീ വന്നപ്പോള്‍ തന്നെ ബാഗേജ് പുറത്തുപോയിക്കഴിഞ്ഞു എന്നായിരുന്നത്രെ അസീസിന് കിട്ടിയ പ്രതികരണം

അസീസിന്‍റെ പരാതിയില്‍ കരിപ്പൂര്‍ പോലീസിന്‍റെ അന്വേഷണം വഴിമുട്ടിയിരിക്കുകയാണ്. ബാഗേജ് നഷ്‌ടപ്പെട്ടത് സംബന്ധിച്ച് വിമാനത്താവള അധികൃതരോട് വിശദീകരണം ചോദിച്ചെങ്കിലും ഇതുവരേയും അതിന് മറുപടി നല്‍കാന്‍ പോലും തയ്യാറായിട്ടില്ലെന്ന് പോലീസ് പറയുന്നു. പ്രതീക്ഷ നശിച്ച അസീസ് അവസാന ശ്രമമെന്ന നിലയില്‍ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കാനുള്ള ഒരുക്കത്തിലാണ്.

ബാഗേജിലെ സാധനങ്ങള്‍ മാത്രമല്ല ബാഗേജ് തന്നെ മോഷ്‌ടിക്കാന്‍ കഴിയുന്നവര്‍ കരിപ്പൂര്‍ വിമാനത്താവളത്തിലുണ്ടെന്നര്‍ത്ഥം. സൂക്ഷിപ്പുകാര്‍ തന്നെ മോഷ്‌ടാക്കളാകുമ്പോള്‍ ആരെയാണ് യാത്രക്കാര്‍ വിശ്വസിക്കേണ്ടത്.