പട്ടാളക്കാര്‍ക്ക് മോശം ഭക്ഷണം വിതരണം ചെയ്യുന്നു എന്നാരോപിച്ച് ഒരു സൈനികന്‍ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ ആരും മറന്നിട്ടുണ്ടാവില്ല. സര്‍ക്കാരിനെ ഞെട്ടിച്ച വീഡിയോവിലെ തേജ് ബഹാദൂർ യാദവ് എന്ന മുൻ ജവാൻ അഴിമതിക്കെതിരെ ജന്തർ മന്ദിറിൽ സമരത്തിന് ഇറങ്ങി.
രാജ്യതലസ്ഥാനത്തെ സ്ഥിരം സമരേവദിയാണ് ജന്തര്‍ മന്ദിര്‍. ഒരു പന്തലില്‍ പതിവിലേറെ ബഹളം കണ്ടാണ് അങ്ങോട്ട് ചെന്നത്. തലപ്പാവും മാലയുമണിഞ്ഞ ഒരാള്‍ക്കു ചുറ്റുമാണ് ബഹളമെല്ലാം. ആളെ മനസ്സിലായില്ലെങ്കില്‍ ആ വീഡിയെോ ഒന്നു കണ്ടാല്‍ മതി.
തേജ് ബഹാദൂര്‍ യാദവ് എന്ന ബിഎസ്എഫ് ജവാന്‍ തന്നെ. പട്ടാളക്കാര്‍ക്ക് മോശം ഭക്ഷണം നല്‍കുന്നു എന്നായിരുന്നു പരാതി. ധാര്‍മികരോഷം സഹിക്കാതെ ഫേസ്ബുക്കില്‍ വീഡിയോ ഇട്ടു. ലോകം മുഴുവന്‍ ഇത് ചര്‍ച്ചയായെങ്കിലും പട്ടാളത്തിലെപണി പോയി. ഇപ്പോള്‍ അഴിമതിക്കെതിരെ രംഗത്തിറങ്ങിയിരിക്കുകയാണ് തേജ് ബഹാദൂര്‍. പ്രതിനിധി പരിവാര് എന്ന സംഘടനക്ക് കീഴിലാണ് പ്രവര്‍ത്തനം. സമരത്തിന് ആദ്യവേദിയായത് ദില്ലിയിലെ ജന്തര്‍ മന്ദിറും. സൈന്യത്തില്‍ നിന്ന് പിരിച്ചുവിട്ടതിനിതിരെ അപ്പീല്‍ പോകാമെങ്കിലും താല്‍പ്പര്യമില്ല.
