അഴിമതിക്കേസില്‍ ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ ഭാര്യ റാബ്‌റി ദേവിക്കും മകന്‍ തേജസ്വി യാദവിനും ഡല്‍ഹി കോടതി ജാമ്യം അനുവദിച്ചു.

ദില്ലി: അഴിമതിക്കേസില്‍ ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ ഭാര്യ റാബ്‌റി ദേവിക്കും മകന്‍ തേജസ്വി യാദവിനും ഡല്‍ഹി കോടതി ജാമ്യം അനുവദിച്ചു. കാലിത്തീറ്റ കുംഭകോണക്കേസില്‍ പരോള്‍ കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ലാലു പ്രസാദ് ഇന്നലെ ജയിലിലേക്ക് തിരിച്ചുപോയിരുന്നു. ജാമ്യാപേക്ഷയില്‍ വിധി കേള്‍ക്കുന്നതിനായി രാവിലെ തേജസ്വി യാദവ് അമ്മയ്‌ക്കൊപ്പം കോടതിയില്‍ എത്തിയിരുന്നു. അഴിമതിക്കേസില്‍ ലാലു പ്രസാദ് ജയിലിലായതോടെ പാര്‍ട്ടിയുടെ നേതൃത്വം ഇളയമകന്‍ തേജസ്വി യാദവില്‍ എത്തിയിരുന്നു. 

ബി.ജെ.പിക്കെതിരേയും മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെയും കടുത്ത വിമര്‍ശമാണ് തേജസ്വി ഉന്നയിക്കുന്നത്. ബിഹാറില്‍ നിതീഷ്‌കുമാര്‍-ലാലു സഖ്യസര്‍ക്കാരാണ് ആദ്യം നിലവില്‍ വന്നതെങ്കിലും ഉപമുഖ്യമന്ത്രിയായിരുന്ന തേജസ്വി യാദവിനും മറ്റുള്ളവര്‍ക്കുമെതിരെ സി.ബി.ഐ അഴിമതിക്കേസ് രജിസ്റ്റര്‍ ചെയ്തതോടെ സഖ്യത്തില്‍വിള്ളല്‍ വരികയായിരുന്നു. 2012-14 കാലയളവില്‍ ഇന്ത്യന്‍ റെയില്‍വേയുടെ അനുബന്ധ സ്ഥാപനമായ ഐ.ആര്‍.സി.ടി.സിയുടെ അറ്റകുറ്റപ്പണി ചുമതല വിനയ് കൊച്ചാര്‍, വിജയ് കൊച്ചാര്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള സുജാതാ ഹോട്ടലിനു കൈമാറിയിരുന്നു.

 ഇതിനു പ്രതിഫലമായി ബിനാമി സ്ഥാപനമായ ഡിലൈറ്റ് മാര്‍ക്കറ്റിങ് കമ്പനി മുഖേന പട്നയില്‍ കണ്ണായസ്ഥലത്ത് ലാലുവിനും കുടുംബത്തിനും മൂന്നേക്കര്‍ഭൂമി നല്‍കിയെന്നാണ് കേസ്. കൂടാതെ കമ്പനിയുടെ ഉടമസ്ഥാവകാശം അന്നത്തെ ഉടമ സരള ഗുപ്തയില്‍നിന്ന് റാബ്റി ദേവിയുടെയും മകന്‍ തേജസ്വി യാദവിന്റെയും പേരിലേക്കുമാറ്റിയിരുന്നു. കേസില്‍ പ്രതിഷേധം ശക്തമായതോടെ ലാലു മന്ത്രി സ്ഥാനത്തുനിന്ന് രാജിവച്ചിരുന്നു.