ദില്ലി: മഹാപ്രളയത്തിൽ കുടുങ്ങിയ കേരളത്തെ കൈപ്പിടിച്ച് ഉയർത്താൻ രാജ്യത്തെ മുന്‍നിര വാഹന നിര്‍മാതാക്കളായ ബജാജ് ഓട്ടോയും. ദുരിതാശ്വാസത്തിനായി രണ്ട് കോടി രൂപയാണ് ബജാജ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതില്‍ ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് കമ്പനി നേരിട്ട് കൈമാറും. 

ബാക്കി ഒരു കോടി ജാന്‍കിദേവി ബജാജ് ഗ്രാം വികാസ് സാന്‍സ്തയിലൂടെ (ജെബിജിവിഎസ്) ദുരിതത്തില്‍പ്പെട്ടവര്‍ക്ക് അവശ്യസാധനങ്ങള്‍ അടങ്ങിയ കിറ്റ് നല്‍കുന്നതിലേക്കും നൽകും. വിവധ തരത്തിലുള്ള സമൂഹിക സേവനങ്ങൾ നടപ്പിലാക്കുന്ന ബജാജ് ഓട്ടോയുടെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ജെബിജിവിഎസ്. ഈ തുകയിലൂടെ ഏകദേശം 1000 കുടുംബങ്ങള്‍ക്ക് അവശ്യകിറ്റ് ലഭ്യമാക്കാന്‍ സാധിക്കും. വാട്ടർ ഫിൽറ്റർ, ടാർപോളിൻ ഷീറ്റുകൾ, പാത്രങ്ങൾ, പ്ലാസ്റ്റിക് സ്ലീപ്പിംഗ് മാറ്റുകൾ, ബ്ലാങ്കറ്റുകൾ, ടവൽസ് എന്നിവ അടങ്ങുന്ന കിറ്റുകളാണ് വിതരണം ചെയ്യുക.  

കേരളത്തിലെ ബജാജ് ഓട്ടോ വാണിജ്യ വാഹന ഡീലര്‍ഷിപ്പിന്റെയും മറ്റും മേല്‍നോട്ടത്തിലാണ് ഇതിന്റെ വിതരണം നടക്കുക. ഇപ്പോൾ പ്രഖ്യാപിച്ച രണ്ട് കോടി പുറമേ ബജാജിന്റെ വിവിധ ട്രസ്റ്റുകൾ വഴി 50 ലക്ഷത്തോളം രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിട്ടുണ്ടെന്നും ബജാജ് ഓട്ടോ പ്രസിഡന്റ് ആർ സി മഹേശ്വരി പറഞ്ഞു. 

നേരത്തെ ഹ്യുണ്ടായി  ഇന്ത്യ ലിമിറ്റഡ് (എച്ച്എംഐഎൽ), ടി.വി.എസ് മോട്ടോർ തുടങ്ങിയ കമ്പനികൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ഒരു കോടി രൂപ നൽകിയിരുന്നു. കൂടാതെ ടാറ്റ മോട്ടോഴ്സ്, നിസ്സാൻ ഇന്ത്യ, ബിഎംഡബ്ലിയു തുടങ്ങിയ കമ്പനികളും സംസ്ഥാനത്തെ ഉപഭോക്താക്കൾക്ക് സർവീസ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.