ഇതോടൊപ്പം മാളുകളിലും ഭക്ഷണശാലകളിലും വാലന്റൈന്‍സ് ഡേ ആഘോഷങ്ങള്‍ അനുവദിക്കരുതെന്നും ബജ്‌റംഗദള്‍ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഡെറാഡൂണ്‍: പ്രണയ ദിനത്തിൽ കമിതാക്കള്‍ പൊതുസ്ഥലങ്ങളില്‍ സ്‌നേഹപ്രകടനം നടത്തിയാല്‍ വീഡിയോ എടുക്കുമെന്ന മുന്നറിയിപ്പുമായി ബജ്‌റംഗദള്‍. ആഘോഷത്തിന്റെ പേരില്‍ മോശമായി ഒന്നും നടക്കുന്നില്ലെന്ന് ഉറപ്പ് വരുത്തുന്നതിന് വേണ്ടിയാണ് വീഡിയോ ഏടുക്കുന്നതെന്നും ഇതിനായി 250 വളണ്ടിയര്‍മാരെ വിവിധ സ്ഥലങ്ങളിലായി നിയോഗിക്കുമെന്നും സംഘടന പറഞ്ഞു.
ഇതോടൊപ്പം മാളുകളിലും ഭക്ഷണശാലകളിലും വാലന്റൈന്‍സ് ഡേ ആഘോഷങ്ങള്‍ അനുവദിക്കരുതെന്നും ബജ്‌റംഗദള്‍ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആഘോഷങ്ങൾക്കിടയിൽ എന്തെങ്കിലും പറ്റിയാല്‍ തങ്ങള്‍ ഉത്തരവാദികളായിരിക്കില്ലെന്നും സംഘടനാ ഭാരവാഹികൾ അറിയിച്ചു. അതേസമയം ഫെബ്രുവരി 14 -ലെ ആഘോഷങ്ങള്‍ക്കെതിരായി നഗരങ്ങളില്‍ കോലം കത്തിക്കാനും സംഘടന ആഹ്വാനം ചെയ്തിട്ടുണ്ട്.
ഇതാദ്യമായല്ല വാലന്റൈന്‍സ് ഡേയ്‌ക്കെതിരെ ബജ്‌റംഗദള്‍ ഭീഷണി മുഴക്കുന്നത്. വിഎച്ച്പിയും ബജ്‌റംഗദളും ഉള്‍പ്പെടെയുള്ള സംഘടനകള്‍ വാലന്റൈന്‍സ് ഡേയില്‍ പബ്ബുകള്‍ ആക്രമിക്കുകയും കമിതാക്കളെ വിവാഹം കഴിപ്പിക്കുകയും ചെയ്തിരുന്നു. ' ബാന്‍ വാലന്റൈന്‍സ് ഡേ, സേവ് ഇന്ത്യന്‍ കള്‍ച്ചര്‍' എന്ന മുദ്രാവാക്യവുമായി ഇവര്‍ നേരത്തെയും കോലം കത്തിക്കലും പ്രിതിഷേധ പ്രകടനങ്ങളും നടത്തിയിരുന്നു.
