മധ്യപ്രദേശിലെ ഖജുരാഹോ ക്ഷേത്ര പരിസരത്ത് കാമസൂത്ര പുസ്തകങ്ങളുടെ വില്‍പന നിരോധിക്കണമെന്ന് ആവശ്യപ്പെട്ട ബജ് രംഗ് സേന. കാമസൂത്ര പുസ്തകങ്ങള്‍ക്കു പുറമെ ക്ഷേത്ര പരിസരത്ത് വില്‍ക്കുന്ന ചെറുപ്രതിമകളുടെ വില്‍പനയും തടയണമെന്നും ആവശ്യപ്പെട്ട് ബജ് രംഗ് സേന പൊലീസിനെ സമീപിച്ചു. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം നേടിയ ഖജുരാഹോ ക്ഷേത്രം രതിശില്‍പങ്ങള്‍ കൊണ്ടുകൂടി പ്രശസ്തമാണ്.
ഖജുരാഹോയിലെ ബജ് രംഗ് സേന നേതാവായ ജ്യോതി അഗര്‍വാളിന്റെ നേതൃത്വത്തിലാണ് പൊലീസിന് പരാതി നല്‍കിയിരിക്കുന്നത്. ഖജുരാഹോ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ പരിസരത്ത് കാമസൂത്ര പുസ്തകങ്ങളും അശ്ലീല ചിത്രങ്ങളും വില്‍പനയ്ക്ക് വെയ്ക്കുന്നുവെന്നും ഇത് തടയണമെന്നുമാണ് പരാതിയിലെ പ്രധാന ആവശ്യം. ഇവയെല്ലാം ഹിന്ദു സംസ്‌കാരത്തിനും പാരമ്പര്യത്തിനും എതിരാണെന്നും വിദേശികളുടെ മുന്നില്‍ മോശമാക്കി കാണിക്കുന്നതാണെന്നും ബജ് രംഗ് സേന പറയുന്നു. യുവാക്കള്‍ക്ക് നമ്മള്‍ ഇതിലൂടെ എന്ത് ധാര്‍മ്മിക മൂല്യങ്ങളാണ് കൈമാറുന്നതെന്നും സേന ചോദിക്കുന്നു. ഇതില്‍ നടപടി സ്വീകരിക്കാന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയെയും ടൂറിസം വകുപ്പിനെയും സമീപിക്കുമെന്നും സേനയുടെ പ്രവര്‍ത്തകര്‍ പറയുന്നു.
