ആരോപണവിധേയനായ മാനന്തവാടി ഏരിയ കമ്മിറ്റി അംഗവും ബാങ്ക് പ്രസിഡന്‍റുമായ പി. വാസുവിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വം ഒഴികെ മുഴുവൻ ചുമതലകളിൽ നിന്നും നീക്കി. 

വയനാട്: തവിഞ്ഞാൽ സഹകരണ ബാങ്ക് ജീവനക്കാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ സി പി എം ഏരിയ കമ്മിറ്റി അംഗം പി വാസുവിനെ പാര്‍ട്ടിയുടെ മുഴുവന്‍ ചുമതലകളില്‍ നിന്നും മാറ്റി. ബാങ്ക് ഡയറക്ടര്‍ സ്ഥാനമടക്കം രണ്ട് ദിവസത്തിനുള്ളില്‍ രാജിവെക്കാനാണ് പാര്‍ട്ടി നിര്‍ദ്ദേശം. ആത്മഹത്യ കുറിപ്പിലുള്ള ആരോപണങ്ങളെകുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക കമ്മീഷനെയും നിയമിച്ചിട്ടുണ്ട്.

ഡിസംബര്‍ ഒന്നിന് ജീവനൊടുക്കിയ അനിൽകുമാര്‍ എഴുതിയ ആറ് ആത്മഹത്യാ കുറിപ്പുകളിലും പറഞ്ഞത്
കാരണക്കാരന്‍ ബാങ്ക് പ്രസിഡന്‍റ് പി വാസുവാണെന്നാണ്. വാസുവിന്‍റെ അഴിമതിക്ക് കൂട്ടുനില്‍ക്കാത്തതിനാല്‍
മാനസികമായി പിഡിപ്പിച്ചു. വളം വില്‍പ്പനയില്‍ വാസു നടത്തിയ ക്രമക്കേട് തന്‍റെ പേരിലാക്കി ലക്ഷങ്ങള്‍ പിഴയീടാക്കിയെന്നും ആത്മഹത്യാകുറിപ്പിലുണ്ട്.

ഈ ആരോപണങ്ങളോക്കെ ഗൗരവമുള്ളതാണെന്നാണ് സി പി എം ജില്ലാ സെക്രട്ടറിയേറ്റിന്‍റെ വിലയിരുത്തല്‍. എന്നാല്‍ അന്വേഷണം കഴിയുംവരെ വാസു കുറ്റക്കാരനാണ് ഉറപ്പിക്കുന്നില്ല. ജനങ്ങളില്‍ വിശ്വാസം നഷ്ടപെട്ടതിനാല്‍ പാര്‍ട്ടിയുടെ മുഴുവന്‍ ചുമതലകളില്‍ നിന്നും വാസുവിനെ മാറ്റുന്നുവെന്നാണ് സെക്രട്ടറിയേറ്റിന്‍റെ വിശദീകരണം.

ബാങ്ക് പ്രസിഡന്‍റ് ഡയറക്ടര്‍ സ്ഥാനങ്ങള്‍ രാജിവെക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മാനന്തവാടി ഏരിയാ കമ്മിറ്റിയംഗം പി വി ബാലകൃഷ്ണന്‍റെ നേതൃത്വത്തില്‍ മൂന്നംഗ അന്വേഷണ കമ്മിഷന്‍ 15 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. തീരുമാനത്തെ സ്വാഗതം ചെയ്ത് ജനകീയ സമിതി നാളെ നടത്താനിരുന്ന മുഴുവന്‍ പ്രതിക്ഷേധങ്ങളും ഉപേക്ഷിച്ചു. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ടെങ്കിലും അന്വേഷണം തുടങ്ങിട്ടില്ല. അത്മഹത്യാ കുറിപ്പ് കോടതിയില്‍ നിന്നും ലഭിച്ചശേഷം കയ്യക്ഷരം അനില്‍കുമാറിന്‍റേതാണെന്ന് ഉറപ്പുവരുത്തി അന്വേഷണം നടത്തുമെന്നാണ് പോലീസിന്‍റെ വിശദീകരണം.